അലോക് വര്‍മയുടെ മറുപടിയും സിവിസി റിപ്പോര്‍ട്ടും ചോര്‍ന്നു; കേസ് മാറ്റി; നിങ്ങള്‍ വിചാരണ അര്‍ഹിക്കുന്നില്ലെന്ന് കോടതി

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറായിരുന്ന അലോക് വര്മ്മ നല്കിയ മറുപടിയും സെന്ട്രല് വിജിലന്സ് കമ്മീഷന് നല്കിയ റിപ്പോര്ട്ടും ചോര്ന്നു. ഇതേത്തുടര്ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയി രൂക്ഷ വിമര്ശനമാണ് ഉന്നയിച്ചത്. കേസില് ഹാജരായ അഭിഭാഷകരെയും കോടതി വിമര്ശിച്ചു. വാദം കേള്ക്കാന് പോലും അര്ഹരല്ലെന്നാണ് ചീഫ് ജസ്റ്റിസ് വിമര്ശിച്ചത്. ഇതേത്തുടര്ന്ന് കേസ് നവംബര് 29ലേക്ക് മാറ്റി.
ദി വയര്‍ ആണ് അലോക് വര്‍മയുടെ മറുപടി പ്രസിദ്ധീകരിച്ചത്. എന്നാല്‍ സുപ്രീം കോടതിയില്‍ സീല്‍ ചെയ്ത കവറില്‍ നല്‍കിയ രേഖകളുപയോഗിച്ചല്ല ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് വയര്‍ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ ഡയറക്ടര്‍ സിവിസിക്ക് എഴുതി നല്‍കിയ മറുപടിയാണ് തങ്ങളുടെ വാര്‍ത്തയുടെ ഉറവിടമെന്നും വയര്‍ വ്യക്തമാക്കി. മറുപടി നല്കാന്‍ അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതിലും ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
വിവരങ്ങള്‍ ചോര്‍ന്നത് അനധികൃതമായി ആണെന്ന് അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ കോടതിയെ അറിയിച്ചു. കേസ് കേള്‍ക്കാന്‍ വിസമ്മതിച്ചതില്‍ മുതിര്‍ന്ന അഭിഭാഷകനായ നരിമാന്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. മറുപടി ചോര്‍ന്നതില്‍ വിശദീകരണം നല്‍കാന്‍ സമയം വേണമെന്നും നരിമാന്‍ ആവശ്യപ്പെട്ടു.