ട്രംപുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കി ഉത്തര കൊറിയ

അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപുമായുള്ള രണ്ടാം വട്ട ഉച്ചകോടി പരാജയമായതിന് ഉത്തര കൊറിയന് ഉദ്യോഗസ്ഥര്ക്ക് വധശിക്ഷ. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആണ് അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കിയത്. നേതാവിനെ വഞ്ചിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് ഇവരെ ഫയറിംഗ് സ്‌ക്വാഡിന് മുന്നിലേക്ക് അയച്ചത്.
രണ്ടാം വട്ട ചര്‍ച്ചകള്‍ക്കായി ശ്രമം നടത്തിയ കിം ഹ്യോക്‌ചോള്‍ എന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് ഇവരില്‍ പ്രമുഖന്‍. ദക്ഷിണ കൊറിയന്‍ മാധ്യമമായ ചോസുന്‍ ലിബോയാണ് വെള്ളിയാഴ്ച ഈ വാര്‍ത്ത പുറത്തു വിട്ടത്. മറ്റു നാലു പേരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ മിറിം വിമാനത്താവളത്തില്‍ വച്ചാണ് കിം ഹ്യോക് ചോലിനെയും നാല് വിദേശകാര്യ ഉദ്യോഗസ്ഥരെയും വധിച്ചതെന്നാണ് വിവരം.
ഉച്ചകോടിക്കിടെ പരിഭാഷ തെറ്റിയതിന് കിമ്മിന്റെ ദ്വിഭാഷി ഷിന്‍ ഹെ യോങ്ങിനെ തടവിലാക്കിയതായും വിവരമുണ്ട്. കരാറിന് സമ്മതമല്ലെന്ന് ട്രംപ് അറിയിച്ചപ്പോള്‍ കിം നല്‍കിയ പുതിയ നിര്‍ദേശം പരിഭാഷപ്പെടുത്താന്‍ സാധിച്ചില്ലെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.