പാകിസ്ഥാനിലേക്കുള്ള വിമാന സര്വീസുകള് ഒമാന് താല്ക്കാലികമായി നിര്‍ത്തിവെച്ചു
മസ്‌കറ്റ്: പാകിസ്ഥാനിലേക്കുള്ള വിമാന സര്വീസുകള് ഒമാന് താല്ക്കാലികമായി നിര്ത്തിവെച്ചു. പാകിസ്ഥാനില് യുദ്ധസമാനമായ സാഹചര്യം നിലനില്ക്കുന്നതിനാലാണ് വിമാന സര്വീസുകള് നിര്ത്തിയതെന്നാണ് സൂചന. എന്നാല് ഇക്കാര്യത്തില് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. നിലവിലെ സാഹചര്യങ്ങള് പരിഗണിച്ച് ദേശീയ വിമാന കമ്പനിയായ ഒമാന് എയറും, ബജറ്റ് വിമാന കമ്പനിയായ സലാം എയറുമാണ് സര്വീസുകള് താത്കാലികമായി നിര്ത്തിവക്കുന്നതായി അറിയിച്ചിരിക്കുന്നത്.
ഒമാന്‍ എയറിന്റെ കറാച്ചി, ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും സലാം എയറിന്റെ കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍കോട്ട് സര്‍വീസുകളും നിര്‍ത്തുന്നതോടെ ഒമാനില്‍ ജോലി ചെയ്യുന്ന പാകിസ്ഥാനി സ്വദേശികള്‍ക്ക് നാട്ടിലേക്ക് തിരികെ വരാന്‍ കഴിയില്ല. ആയിരങ്ങളുടെ യാത്രയാണ് ഇതോടെ അനിശ്ചിതകാലത്തേക്ക് മുടങ്ങിയിരിക്കുന്നത്.
പാകിസ്ഥാന്‍ വഴിയുള്ള വ്യോമ ഗതാഗത പാത അടച്ചതോടെ കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രയും ദുഷ്‌കരമായിട്ടുണ്ട്. എയര്‍ കാനഡ ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.