ബിന്‍ലാദന്റെ മകന്‍ വിവാഹം ചെയ്തത് 9/11 ആക്രമണം നടത്തിയ ഭീകരന്റെ മകളെ!; അമേരിക്കയോട് പകരം വീട്ടാന്‍ തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തല്‍
ലണ്ടന്‍: കൊല്ലപ്പെട്ട അല് ഖ്വയ്ദ മുന് തലവന് ഒസാമ ബിന് ലാദന്റെ മകന് ഹംസ ബിന് ലാദന് വിവാഹം കഴിച്ചത് 9/11 ആക്രമണം നടത്തിയ ഭീകരന്റെ മകളെയെന്ന് വെളിപ്പെടുത്തല്. ഒസാമയുടെ അര്ദ്ധ സഹോദരന്മാരായ അഹമ്മദും ഹസനുമായി ഗാര്ഡിയന് റിപ്പോര്ട്ടര് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയും ഇതര പാശ്ചാത്യ രാജ്യങ്ങളും വര്ഷങ്ങളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന അല് ഖ്വയ്ദ നേതാവാണ് ഹംസ ബിന് ലാദന്‍.
മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം കഴിച്ചതെന്നാണ് അവസാനമായി ലഭിച്ച വിവരം. ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. അഫ്ഗാനിസ്ഥാനില്‍ ഉണ്ടാവാനാണ് സാധ്യതയെന്നും അഹമ്മദ് അഭിമുഖത്തില്‍ വ്യക്തമാക്കി. ഒസാമ ബിന്‍ലാദനെ വധിച്ച അമേരിക്കയ്‌ക്കെതിരെ പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് ഹംസയെന്നും ഇവര്‍ വെളിപ്പെടുത്തി.
ഒസാമ തന്റെ പിന്‍ഗാമിയായി തീരുമാനിച്ചിരുന്ന വ്യക്തിയാണ് ഹംസ. അല്‍ ഖ്വയ്ദയുടെ പ്രമുഖ നേതാക്കന്മാരുടെ പട്ടികയില്‍ ഒന്നാമനാണ് നിലവില്‍ ഹംസ. അമേരിക്കയോട് പകരം വീട്ടുമെന്ന് ഇയാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍ കേന്ദ്രീകരിച്ചുള്ള അല്‍ ഖ്വയ്ദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഹംസയാണ്.