കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍ സിങ്ങിനെ ക്ഷണിക്കുമെന്ന് പാകിസ്ഥാന്‍

കര്ത്താര്പൂര് ഇടനാഴി ഉദ്ഘാടനത്തിന് മുന് ഇന്ത്യന് പ്രധാനമന്ത്രിയും കോണ്ഗ്രസ് നേതാവുമായ മന്മോഹന് സിങ്ങിനെ ക്ഷണിക്കുമെന്ന് പാകിസ്ഥാന്.
 | 
കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍ സിങ്ങിനെ ക്ഷണിക്കുമെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ ക്ഷണിക്കുമെന്ന് പാകിസ്ഥാന്‍. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്. മന്‍മോഹന്‍ സിങ്ങിന് ക്ഷണക്കത്ത് അയക്കുമെന്ന് ഖുറേഷി വ്യക്തമാക്കി. പാക് ഗവണ്‍മെന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഖുറേഷിയുടെ പ്രഖ്യാപനം വന്നത്.

കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം വലിയ പരിപാടിയായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സിഖ് സമുദായാംഗം എന്ന നിലയില്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചടങ്ങിലേക്ക് ക്ഷണിക്കും. അദ്ദേഹം പാകിസ്ഥാന് വളരെ വേണ്ടപ്പെട്ടയാളാണെന്ന് ട്വീറ്റില്‍ ഖുറേഷി പറയുന്നു. ആഘോഷത്തിന്റെ ഭാഗമായി എല്ലാ സിഖ് തീര്‍ത്ഥാടകരെയും ചടങ്ങിലേക്ക് ക്ഷണിക്കുകയാണെന്നും ഖുറേഷി പറഞ്ഞു.

നവംബറില്‍ സിഖ് ഗുരു, ഗുരു നാനാക്കിന്റെ 550-ാമത് ജന്മദിനത്തിലാണ് കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം. കര്‍ത്താര്‍പൂരിലെ സിഖ് തീര്‍ത്ഥാട കേന്ദ്രമായ ദര്‍ബാര്‍ സാഹിബിനെയും ഗുര്‍ദാസ്പൂരിലെ ദേരാ ബാബാ നാനാക് ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന ഇടനാഴി ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വിസ രഹിത യാത്ര സാധ്യമാക്കുന്നതിനായാണ് നിര്‍മിച്ചിരിക്കുന്നത്.

അധികാരത്തിലിരുന്ന 10 വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത മന്‍മോഹന്‍ സിങ് അതിര്‍ത്തി വിഷയത്തില്‍ കടുത്ത നിലപാടുകളുള്ള നേതാവായാണ് അറിയപ്പെടുന്നത്. മുംബൈ ആക്രമണത്തില്‍ നടപടികളുണ്ടാവാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന നിലപാടും മന്‍മോഹന്‍ സ്വീകരിച്ചിരുന്നു. മുംബൈ ആക്രമണത്തിന് ശേഷം പാകിസ്ഥാനെ ആക്രമിക്കാന്‍ മന്‍മോഹന്‍ തയ്യാറെടുത്തിരുന്നുവെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്.