ഇതര രാജ്യങ്ങളുമായി പാകിസ്ഥാന് യുദ്ധത്തിനില്ലെന്ന് ഇംറാന്‍ ഖാന്‍
കറാച്ചി: ഇതര രാജ്യങ്ങളുമായി പാകിസ്ഥാന് യുദ്ധത്തിനില്ലെന്ന് പ്രധാനമന്ത്രി ഇംറാന് ഖാന്. പ്രതിരോധ ദിനത്തിനോട് അനുബന്ധിച്ച് പാക് സൈന്യം സംഘടിപ്പിച്ച പരിപാടിയില് സംസാരിക്കവെയാണ് ഇംറാന് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. താന് വ്യക്തിപരമായി യുദ്ധത്തിന് എതിരാണ്. രാജ്യത്തിന്റെ താല്പ്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടുള്ള വിദേശനയമായിരിക്കും രൂപം നല്കുകയെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിനെതിരെ പാക് സൈന്യം നടത്തുന്ന പോരാട്ടത്തെ അദ്ദേഹം അഭിനന്ദിച്ചു. തീവ്രവാദത്തോട് വീട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് പാക് സൈന്യം നടത്തുന്നത്. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ് പാക്സ്ഥാനെന്നും അദ്ദേഹം അവകാശപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങളും നയതന്ത്ര പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടി കാണിച്ച് പാക് സര്‍ക്കാരിന് നല്‍കി വന്നിരുന്ന സഹായം നേരത്തെ അമേരിക്ക റദ്ദാക്കിയിരുന്നു.
അമേരിക്കന്‍ സൈന്യം പ്രഖ്യാപിച്ച 300 മില്യന്‍ ഡോളറിന്റെ സഹായമാണ് റദ്ദാക്കിയത്. സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന ഫണ്ട് എന്ന നിലയിലായിരുന്നു സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. തീവ്രവാദത്തിനെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും അമേരിക്ക പാകിസ്ഥാനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാത്തതിനാലാണ് നടപടി. എന്നാല്‍ അമേരിക്കയുടെ ആരോപണങ്ങള്‍ പാകിസ്ഥാന്‍ നിഷേധിച്ചു.