കൊക്കെയിന്‍ കടത്താന്‍ പാക്കറ്റുകളിലാക്കി വിഴുങ്ങിയയാള്‍ക്ക് ദാരുണാന്ത്യം; വിഴുങ്ങിയത് 200ലധികം പൊതികള്‍!

ഉദോംഗ് വിഴുങ്ങിയ പൊതികളില് ചിലത് വയറിനുള്ളില് വെച്ച് തന്നെ പൊട്ടുകയും മയക്കുമരുന്ന് ശരീരത്തില് പ്രവേശിക്കുകയുമായിരുന്നെന്ന് കരുതുന്നു
 | 
കൊക്കെയിന്‍ കടത്താന്‍ പാക്കറ്റുകളിലാക്കി വിഴുങ്ങിയയാള്‍ക്ക് ദാരുണാന്ത്യം; വിഴുങ്ങിയത് 200ലധികം പൊതികള്‍!

ടോക്കിയോ: 200ലധികം മയക്കുമരുന്ന് പൊതികള്‍ വയറിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ചയാള്‍ കൊല്ലപ്പെട്ടു. മെക്‌സിക്കോയില്‍ നിന്ന് ജപ്പാനിലേക്ക് സഞ്ചരിക്കുകയായിരുന്ന വിമാനത്തിലാണ് സംഭവം. ജപ്പാന്‍ വംശജനായ ഉദോംഗ്(42) എന്നയാളാണ് കൊല്ലപ്പെട്ടത്. ചെറുപൊതികളിലായി ഇയാള്‍ കൊക്കെയ്ന്‍ വിഴുങ്ങിയിരുന്നതായും വയറിനുള്ളില്‍ വെച്ച് ഇവ രക്തത്തിലേക്ക് പ്രവേശിച്ചതാണ് മരണകാരണമെന്നും പോലീസ് പറയുന്നു. ഏതാണ്ട് 246 പാക്കറ്റ് മയക്കുമരുന്നാണ് ഇയാള്‍ വയറിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ പുറത്തെടുക്കാന്‍ പാകത്തിനാണ് ഇത്തരക്കാര്‍ മയക്കുമരുന്ന് പാക്കറ്റുകള്‍ വിഴുങ്ങാറുള്ളത്.

ഉദോംഗ് വിഴുങ്ങിയ പൊതികളില്‍ ചിലത് വയറിനുള്ളില്‍ വെച്ച് തന്നെ പൊട്ടുകയും മയക്കുമരുന്ന് ശരീരത്തില്‍ പ്രവേശിക്കുകയുമായിരുന്നെന്ന് കരുതുന്നു. മെക്‌സിക്കോയില്‍ നിന്ന് ജപ്പാനിലെ ലഹരി മാഫിയകള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്ന മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൊല്ലപ്പെട്ടയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മെക്‌സിക്കന്‍ വിമാനത്താവളത്തിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എയ്‌റോ മെകിസിക്കന്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ ഉദോംഗ് അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇയാള്‍ അബോധാവസ്ഥയിലായതോടെ വിമാനം തിരിച്ചിറക്കി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്.