ഇന്ത്യ തകര്‍ത്ത പാക് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്ത്തി ഭേദിച്ചെത്തിയപ്പോള് പ്രത്യാക്രമണത്തില് തകര്ന്ന പാകിസ്ഥാന് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം പുറത്ത്. ഇന്ത്യന് മിഗ് വിമാനങ്ങളുടെ പ്രഹരമേറ്റ എഫ് 16 വിമാനം പാക് അധീന കാശ്മീരിലാണ് തകര്ന്നു വീണത്. ഇതിന്റെ അവശിഷ്ടങ്ങള് പാക് സൈന്യത്തിന്റെ 7 നോര്ത്തേണ് ലൈറ്റ് ഇന്ഫന്ട്രിയുടെ കമാന്ഡിംഗ് ഓഫീസര് പരിശോധിക്കുന്ന ചിത്രമാണ് പുറത്തു വന്നത്.
എഎന്‍ഐ ആണ് ഈ ചിത്രം എഫ് 16 വിമാനത്തിന്റേതാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന ഇന്ത്യന്‍ പോര്‍വിമാനത്തിന്റെ ഭാഗമാണ് ഇതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ടെങ്കിലും എഫ് 16ന്റേതാണെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചതായി എഎന്‍ഐ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന പാക് വിമാനത്തിന്റെ ചിത്രം ആദ്യമായാണ് പുറത്തു വരുന്നത്.
മൂന്ന് പാക് വിമാനങ്ങളാണ് ഇന്നലെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമണത്തിന് എത്തിയത്. ഇവ രജൗരി ജില്ലയില്‍ നാലിടത്ത് ബോംബിടുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ഇന്ത്യയുടെ മിഗ് 21 ബൈസണ്‍ വിമാനങ്ങള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇവ പിന്തിരിഞ്ഞു. ഇന്ത്യന്‍ വിമാനങ്ങള്‍ പിന്തുടര്‍ന്നു നടത്തിയ ആക്രമണത്തിലാണ് ഒരു വിമാനം തകര്‍ന്നത്.
ഇതിനിടയില്‍ നിയന്ത്രണരേഖ കടന്ന ഇന്ത്യന്‍ വിമാനം പാകിസ്ഥാന്‍ വെടിവെച്ചിട്ടു. വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റിനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.