ബ്രിട്ടനിലെ തടാകത്തില്‍ താറാവുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നു; പിന്നില്‍ കൊലയാളി പിരാനകളെന്ന് സൂചന!

ലണ്ടന്‍: ബ്രിട്ടനിലെ തടാകത്തില്‍ താറാവുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമായ സംഭവത്തിന് പിന്നില്‍ അപൂര്‍വ്വയിനം പിരാനകളെന്ന് സംശയം. ഡോണ്‍കാസ്റ്റര്‍ തടാകത്തിന് സമീപത്ത് നിന്ന് ലഭിച്ച ചില മത്സ്യങ്ങളുടെ ശരീര ഭാഗങ്ങള്‍ പിരാനയുടേതാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പിരാന സാന്നിധ്യം സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ഫാമിലി വെക്കേഷന് കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ ഡോണ്‍കാസ്റ്റര്‍ തടാകവും സമീപ പ്രദേശങ്ങളും സഞ്ചാരികള്‍ ഒഴിവാക്കുകയാണ്.
നേരത്തെ തടാകത്തിലെ താറാവുകള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത് ആശങ്കയ്ക്ക് കാരണമായിരുന്നു. പിരാനകളുടെ സാന്നിധ്യമാവാം താറാവുകളുടെ അപ്രത്യക്ഷമാകലിന് പിന്നിലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിഗമനം. ഇവിടെ എങ്ങനെ പിരാന ഇനത്തില്‍പ്പെട്ട അപകടകാരികളായ മത്സ്യങ്ങളെത്തിയെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. തടാകക്കരയില്‍ വൈകുന്നേരം ചെലവഴിക്കാനെത്തിയ പ്രദേശത്തെ കുടുംബമാണ് ആദ്യമായി ജീവനില്ലാത്ത പിരാനയെ കണ്ടെത്തുന്നത്. കരയ്ക്കടിഞ്ഞ നിലയിലായിരുന്നു പിരാന. ആദ്യം മത്സ്യം ഏത് ഗണത്തില്‍പ്പെട്ടവയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരുന്നില്ല.

പിന്നീട് മത്സ്യത്തിന്റെ പല്ലുകളും ശരീരാകൃതിയും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പിരാനയാണെന്ന കാര്യം വ്യക്തമാകുന്നത്. പിരാനയാണോയെന്ന് സ്ഥിരീകരിക്കാന്‍ ഇന്റര്‍നെറ്റ് സഹായം തേടിയതായും ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ശുദ്ധജല മത്സ്യമായ പിരാനകള്‍ ആമസോണ്‍ നദിയിലാണ് സാധാരണയായി കണ്ടു വരുന്നത്. ഇവയ്ക്ക് മനുഷ്യന് അടക്കം മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഭക്ഷിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇവ മനുഷ്യരെ ആക്രമിച്ച സംഭവങ്ങള്‍ വളരെ അപൂര്‍വ്വമായേ രേഖപ്പെടുത്തിയിട്ടുള്ളൂ.

കൂര്‍ത്ത പല്ലുകളും, മാംസത്തോടുള്ള ആര്‍ത്തിയുമാണ് പ്രധാനമായും ഇവയുടെ കുപ്രസിദ്ധിക്ക് കാരണം. രക്തത്തെ പെട്ടെന്നാകര്‍ഷിക്കുന്ന ഇവ, വേനല്‍ക്കാലത്താണ് കൂടുതലും ഇരപിടിക്കാനായി ജലോപരിതലത്തില്‍ എത്താറുള്ളത്. സാധാരണയായി 6-10 ഇഞ്ച് നീളമുള്ള പിരാന, 18 ഇഞ്ച് വലിപ്പത്തിലും കണ്ടിട്ടുള്ളതായി പറയപ്പെടുന്നു. ആമസോണ്‍ നദിയില്‍ അല്ലാതെ പിരാനകളെ കണ്ടതായി നിരവധി റിപ്പോര്‍ട്ടുകള്‍ സമീപകാലത്ത് പുറത്തുവന്നിരുന്നു. വീടുകളിലെ അലങ്കാര മത്സ്യമായി ചിലര്‍ പിരാനകളെ വളര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. അതേസമയം മാംസഭോജികളായ ഇവയെ വളര്‍ത്തുന്നത് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്.