തുര്‍ക്കി-ഖത്തര്‍ ബന്ധം ശക്തമാകുന്നു; സൗദിക്കെതിരെ നീക്കങ്ങളുണ്ടായേക്കുമെന്ന് സൂചന
ദോഹ: മാധ്യമ പ്രവര്ത്തകന് ജമാല് ഖഷോഗി കൊലപാതക വിവാദം സൗദി ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില് തുര്ക്കിയുമായി ബന്ധം ദൃഢമാക്കാനൊരുങ്ങി ഖത്തര്. തങ്ങള്ക്കെതിരെ രാഷ്ട്രീയ കരുനീക്കങ്ങള് ശക്തമാക്കാന് സൗദി അറേബ്യ തീരുമാനിച്ചതിന് പിന്നാലെയാണ് തുര്ക്കിയുമായുള്ള ബന്ധം പുതിയ തലത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുമായി ഖത്തര് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ തീവ്ര ചിന്താഗതിക്കാരായ സംഘടനകള്ക്ക് സഹായം നല്കുന്നായി ആരോപിച്ച് സൗദിയും ഈജിപ്റ്റും യു.എ.ഇയും ഉള്പ്പെടെയുള്ള രാജ്യങ്ങള് ഖത്തറുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചിരുന്നു.
തുര്‍ക്കിയുമായി ഇപ്പോള്‍ ഖത്തര്‍ ഏര്‍പ്പെടാനുദ്ദേശിക്കുന്ന കരാറുകള്‍ വിനോദ സഞ്ചാര, വ്യാപാര മേഖലകള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം അവസാനത്തോടെ തുര്‍ക്കി ഖത്തര്‍ വ്യാപാരം രണ്ട് ബില്ല്യണ്‍ ഡോളര്‍ കഴിയുമെന്ന് തുര്‍ക്കി അംബാസഡര്‍ ഫിക്‌റെത് ഒസെര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 750 ദശലക്ഷം ഡോളര്‍ ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം ഇതുവരെ 1.3 ബില്ല്യണ്‍ ഡോളര്‍ പിന്നിട്ടിട്ടുണ്ട്. വര്‍ഷാവസാനത്തോടെ രണ്ട് ബില്ല്യണ്‍ ഡോളര്‍ മറികടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫിക്‌റെത് ഒസെര്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിനിടെ തുര്‍ക്കിയിലെത്തുന്ന ഖത്തരികളുടെ എണ്ണത്തില്‍ 100 ശതമാനത്തില്‍ അധികം വര്‍ധനവുണ്ടായിട്ടുണ്ട്. 2016ല്‍ 33000 സന്ദര്‍ശകരാണ് ഉണ്ടായിരുന്നതെങ്കില്‍ 2018ല്‍ ഇതുവരെ 71000 സന്ദര്‍ശകര്‍ തുര്‍ക്കിയില്‍ എത്തിക്കഴിഞ്ഞു. വ്യാപാരബന്ധവും ശക്തമാക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദിക്കെതിരെ ശക്തമായ തെളിവുകള്‍ പുറത്തുവിട്ടത് തുര്‍ക്കിയിലെ മാധ്യമങ്ങളാണ്. സൗദിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഖത്തര്‍ തുര്‍ക്കിയെ ഉപയോഗപ്പെടുത്താണ് സാധ്യതയെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.