ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണി നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഖത്തര്‍
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണി നിര്മ്മിക്കാനുള്ള പദ്ധതിക്ക് ഖത്തര് തുടക്കം കുറിച്ചു. അമീര് ശൈഖ് തമീം ബിന് ഹമദ് ആല്ഥാനി പദ്ധതി നിര്മാണം ഉദ്ഘാടനം ചെയ്തു. 14.5 ബില്യണ് റിയാല് മുതല്മുടക്കില് നിര്മ്മിക്കുന്ന കോണ്ക്രീറ്റ് ജലസംഭരണി ഖത്തറിന്റെ വികസന പ്രവര്ത്തനങ്ങളില് നിര്ണായക സ്വാധീനമുണ്ടാക്കുമെന്നാണ് അധികൃതരുടെ വാദം. 1500 മില്യണ് ഗ്യാലന് വെള്ളം ശേഖരിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
രാജ്യം ഏറ്റെടുത്ത് നടപ്പിലാക്കുന്ന വന്‍കിട പദ്ധതികളിലൊന്നാണിതെന്ന് ഊര്‍ജകാര്യ സഹമന്ത്രി സയീദ് ശരീദ അല്‍കഅബി പറഞ്ഞു. ഖത്തറിന്റെ കൃഷിയാവശ്യങ്ങള്‍ക്കായി പദ്ധതി ഉപയോഗിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്ന രീതിയില്‍ കാര്‍ഷിക മേഖലയെ വളര്‍ത്താന്‍ നേരത്തെ സര്‍ക്കാര്‍ പദ്ധതിയൊരുക്കിയിരുന്നു.
പുതിയ പദ്ധതി പ്രകാരം അഞ്ചിടങ്ങളിലായി കൂറ്റന്‍ ജലസംഭരണികള്‍ സ്ഥാപിക്കപ്പെടും. ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് സംഭരിണകളാവും ഇവ. പ്രതിദിനം 2400 മില്യണ്‍ ഗാലന്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. വിവിധ സാഹചര്യങ്ങളില്‍ മാസങ്ങളോളം രാജ്യത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പദ്ധതിക്ക് കഴിയും. പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും ജലവിതരണം തടസപ്പെടുത്താതിരിക്കാനുള്ള തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.