പതിനൊന്നുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പാക് പൗരന് അബുദാബിയില്‍ വധശിക്ഷ

അബുദാബി: സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പീഡിപ്പിച്ച് കൊന്ന പാകിസ്ഥാന് സ്വദേശിയുടെ വധശിക്ഷ യു.എ.ഇ കോടതി ശരിവെച്ചു. കേസില് ഇയാള് കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. നേരത്തെ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള് ഇയാളെ വധശിക്ഷയ്ക്ക് വിധേയനാക്കണമെന്ന് കോടതിയോട് അഭ്യര്ത്ഥിച്ചിരുന്നു. 19 മാസം കേസില് വാദം കേട്ട കോടതി സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
2017 മേയ് മാസത്തിലാണ് പാക് സ്വദേശിയായ അസാന്‍ മജീദ് എന്ന പതിനൊന്നുകാരന്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. പ്രതി പര്‍ദ്ദ ധരിച്ചെത്തി കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ആദ്യഘട്ടത്തില്‍ കേസിന് തെളിവുകളൊന്നും ലഭിച്ചില്ല.
പിന്നീട് കുട്ടിയുടെ മാതാപിതാക്കളുടെ പരിചയക്കാരന്‍ കൂടിയായ പാക് സ്വദേശിയിലേക്ക് അന്വേഷണം നീളുകയായിരുന്നു. കുട്ടി പിതാവിനൊപ്പം വെള്ളിയാഴ്ച്ച പള്ളിയില്‍ പോയി തിരികെ എത്തിയ സമയത്തായിരുന്നു കൊലപാതകം. നേരത്തെ കുടുംബവുമായി അടുപ്പമുള്ള ഇയാള്‍ കുട്ടിയെ സൂത്രത്തില്‍ ടെറസില്‍ എത്തിച്ച ശേഷം പീഡിപ്പിച്ച് കയറില്‍ കെട്ടി തൂക്കി കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടത്തുമ്പോള്‍ പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഡോക്ടര്‍മാര്‍ നിഷേധിച്ചതോടെ പോലീസ് നിര്‍ബന്ധിച്ച് കുറ്റസമ്മത മൊഴിയെടുത്തതാണെന്ന് പ്രതി വാദിച്ചു. എന്നാല്‍ പ്രതിയുടെ വാദങ്ങളൊന്നും കോടതി മുഖവിലയ്‌ക്കെടുത്തില്ല. പ്രതി ഫ്‌ളാറ്റിലേക്ക് പര്‍ദ്ദ ധരിച്ച് പ്രവേശിക്കുന്ന ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്.