അധോലോക കുറ്റവാളി രവി പൂജാരി രക്ഷപ്പെട്ടതായി സൂചന

അധോലോക കുറ്റവാളി രവി പൂജാരി സെനഗലില് നിന്ന് രക്ഷപ്പെട്ടതായി സൂചന.
 | 
അധോലോക കുറ്റവാളി രവി പൂജാരി രക്ഷപ്പെട്ടതായി സൂചന

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി സെനഗലില്‍ നിന്ന് രക്ഷപ്പെട്ടതായി സൂചന. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പു കേസിലടക്കം പോലീസ് തേടുന്ന ഇയാള്‍ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസും നിലവിലുണ്ട്. കഴിഞ്ഞ ജനുവരിയില്‍ സെനഗലില്‍ അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞയാഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം റോഡു മാര്‍ഗ്ഗം മറ്റൊരു ആഫ്രിക്കന്‍ രാജ്യത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് വിവരം.

വഞ്ചനാക്കേസിലായിരുന്നു ഇയാള്‍ സെനഗലില്‍ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടുവെങ്കിലും സെനഗലുമായി കുറ്റവാളികളെ കൈമാറുന്ന കരാര്‍ നിലവിലില്ലാത്തതിനാല്‍ അത് സാധ്യമായില്ല. ആന്റണി എന്ന പേരില്‍ ബാറും ഹോട്ടലും നടത്തി വരികയായിരുന്നു ഇയാള്‍. രാജ്യം വിടാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ ജാമ്യം നേടിയ ഇയാള്‍ സെനഗലില്‍ നിന്നു കടന്നുവെന്നാണ് തങ്ങള്‍ക്കു ലഭിക്കുന്ന വിവരമെന്ന് കര്‍ണാടക പോലീസ് അറിയിക്കുന്നു.

സെനഗലില്‍ നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പു കേസില്‍ രവി പൂജാരിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.