ഇറാനിലെ ജാംകരണ്‍ മോസ്‌കില്‍ ചുവന്ന പതാക; യുദ്ധസൂചന നല്‍കി ഇറാന്‍

ഇറാനിലെ ക്യോമിലുള്ള ജാംകരണ് പള്ളിയുടെ മിനാരത്തില് ചുവന്ന പതാക ഉയര്ത്തി ഇറാന്.
 | 
ഇറാനിലെ ജാംകരണ്‍ മോസ്‌കില്‍ ചുവന്ന പതാക; യുദ്ധസൂചന നല്‍കി ഇറാന്‍

ടെഹ്‌റാന്‍: ഇറാനിലെ ക്യോമിലുള്ള ജാംകരണ്‍ പള്ളിയുടെ മിനാരത്തില്‍ ചുവന്ന പതാക ഉയര്‍ത്തി ഇറാന്‍. യുദ്ധസൂചനയാണ് ഇറാന്‍ ഇതിലൂടെ നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ സേന ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെയാണ് ഇറാന്‍ പാരമ്പര്യം അനുസരിച്ചുള്ള യുദ്ധസൂചന നല്‍കിയിരിക്കുന്നത്. സുലൈമാനിയുടെ സംസ്‌കാരത്തിന് പിന്നാലെ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് സമീപം വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ എംബസിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുലൈമാനിയുടെ വധത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്നലെയുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എംബസിക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു.

അമേരിക്കക്ക് നേരെ ഇറാന്‍ എന്തെങ്കിലും പ്രകോപനം നടത്തിയാല്‍ തിരിച്ചടിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇറാന്റെ 52 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഇവ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ഇറാനുമായി സംഘര്‍ഷം രൂക്ഷമായതോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ജാഗ്രതയിലാണ്.