റഷ്യക്ക് കായികരംഗത്ത് നാല് വര്‍ഷത്തെ അന്താരാഷ്ട്ര വിലക്ക്; ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവില്ല

മോസ്‌കോ: റഷ്യക്ക് കായിക രംഗത്ത് വിലക്ക്. നാല് വര്‍ഷത്തേക്കാണ് അന്താരാഷ്ട്ര തലത്തില്‍ വിലക്ക് ലഭിച്ചിരിക്കുന്നത്. ഉത്തേജക മരുന്ന് ഉപയോഗം തെളിയിക്കാനുള്ള ലബോറട്ടറി പരിശോധനകളില്‍ കൃത്രിമത്വം കാട്ടിയെന്ന് ആരോപിച്ചാണ് ലോക ആന്റി ഡോപിംഗ് ഏജന്‍സി വാഡ റഷ്യക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ അടുത്ത വര്‍ഷം ടോക്യോയില്‍ വെച്ച് നടക്കുന്ന ഒളിമ്പിക്‌സും 2022ല്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിലും ബെയ്ജിങ് ശീതകാല ഒളിമ്പിക്സിലും റഷ്യയ്ക്ക് മത്സരിക്കാനാവില്ല. എന്നാല്‍ ഉത്തേജക മരുന്ന് പരിശോധന കടന്നാല്‍ കായികതാരങ്ങള്‍ സ്വതന്ത്രമായി മത്സരങ്ങളില്‍ പങ്കെടുക്കാനാകും.
സെന്റ്പീറ്റേഴ്സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ മത്സരിക്കുന്നതിന് റഷ്യയ്ക്ക് വിലക്ക് ബാധകമാവില്ല. സ്വിറ്റ്സര്‍ലന്‍ഡിലെ ലൗസെയ്നില്‍ നടന്ന വാഡയുടെ യോഗത്തിലാണ് റഷ്യയെ വിലക്കാന്‍ തീരുമാനമായത്. ഏകകണ്ഠമായിരുന്നു തീരുമാനം. വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം.