ചാരവൃത്തിക്കായി ബെലൂഗ തിമിംഗലത്തെ നിയോഗിച്ച് റഷ്യന്‍ നാവിക സേന

നോര്‍വെ: നോര്‍വെയില്‍ കഴിഞ്ഞ ദിവസം പിടിയിലായ തിമിംഗലം റഷ്യന്‍ നാവിക സേന ചാരവൃത്തിക്കായി നിയോഗിച്ചതാണെന്ന് സ്ഥിരീകരണം. നോര്‍വെയിലെ ഇന്‍ഗോയ ദ്വീപിന് സമീപത്ത് വെച്ചാണ് ബെലൂഗ ഇനത്തിലുള്ള തിമിംഗലം മത്സ്യത്തൊഴിലാളികളുടെ പിടിയിലാകുന്നത്. ചില ഉപകരണങ്ങള്‍ തിമിംഗലത്തിന്റെ ശരീരത്തില്‍ കണ്ടെത്തി. ചാരവൃത്തിക്കായി ഇത്തരം തിമിംഗലങ്ങളെ റഷ്യ പരിശീലിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റഷ്യന്‍ നിര്‍മ്മിത വസ്തുക്കളാണ് തിമിംഗലത്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്നതെന്ന് നോര്‍വെ സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യയുടെ നോര്‍ത്തേണ്‍ നേവല്‍ ബേസിന് 415 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് വെച്ചാണ് തിമിംഗലം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. റഷ്യയിലെ സൈന്യത്തിലെ കുതിരകളുടെ കഴുത്തില്‍ അണിയുന്ന ആവരണത്തിന് സമാനമായ ബെല്‍റ്റ് ധരിച്ചാണ് തിമിംഗലത്തെ കണ്ടെത്തിയത്. ഗോ-പ്രോ ക്യാമറയും തിമിംഗലത്തിന്റെ കഴുത്തില്‍ ഉണ്ടായിരുന്നു. മത്സ്യ തൊഴിലാളികളുടെ ബോട്ടുകളെ ബൈലൂഗ തിമിംഗലങ്ങള്‍ പിന്തുടരുന്ന സംഭവം മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അസാധാരണമായി ഒന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനാല്‍ ഇക്കാര്യം അന്വേഷണ വിധേയമാക്കിയിരുന്നില്ല.
അതേസമയം വിഷയത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല. ചാരവൃത്തിക്കായി തിമിംഗലങ്ങളെ ഉപയോഗിക്കുന്ന സംഭവം ഇതാദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ നാവികസേന വര്ഷങ്ങളായി ബെലൂഗ തിമിംഗലങ്ങളില് പരീക്ഷണം നടത്തി വരികയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള് ആരോപിക്കുന്നത്. ഇവയിലൊന്നാണ് നോര്‍വെയില്‍ പിടിയിലായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.