സ്വദേശിവല്‍ക്കരണത്തിന് തിരിച്ചടി; 70,000 സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിച്ച് സൗദി

റിയാദ്: സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള സൗദി അറേബ്യന്‍ നീക്കത്തിന് തിരിച്ചടി. 70,000 സ്ഥാപനങ്ങളിലുള്ള നിരവധി തസ്തികകളാണ് യോഗ്യരായ സ്വദേശികളെ ലഭിക്കാതെ ഒഴിഞ്ഞു കിടക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനായി തസ്തികകള്‍ ഒഴിവുവന്ന കമ്പനികള്‍ക്ക് വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. യോഗ്യരായവരുടെ അഭാവത്തില്‍ വിവിധ തൊഴിലുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നിരവധി വിദേശികള്‍ക്ക് തൊഴിലവസരമുണ്ടാകും.
സ്വദേശികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്ടാകാതിരിക്കാനാണ് പുതിയ തീരുമാനമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വിശദീകരിച്ചു. നിബന്ധനകള്‍ക്ക് വിധേയമായാണ് പുതിയ വിസ നല്‍കുക. എന്‍ജിനീയറിങും മെഡിക്കലുമടക്കമുള്ള മേഖലകളിലെ സ്ഥാപനങ്ങള്‍ക്കാണ് വിസ ലഭിക്കുക. നിതാഖാത് വ്യവസ്ഥയില്‍ ഉന്നത നിലയിലുള്ള സ്ഥാപനങ്ങള്‍ക്ക് അതിവേഗത്തില്‍ വിസ അനുവദിക്കും. നിതാഖാത്ത് നടപ്പിലാക്കിയ ശേഷം ഇത്രയധികം തസ്തികകളില്‍ ഒഴിവ് വരുന്നത് ഇതാദ്യമായാണ്. പ്ളാറ്റിനം, ഹൈ ഗ്രീന്‍ എന്നീ കാറ്റഗറിയില്‍ പെട്ടവര്‍ക്കാണ് വിസ അനുവദിക്കുക.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് ലക്ഷകണക്കിന് വിദേശ തൊഴിലാളികള്‍ക്കാണ് സൗദിയില്‍ നിന്ന് തിരികെ പോരേണ്ടി വന്നത്. പൊതുമേഖല പൂര്‍ണമായും സ്വകാര്യ രംഗത്തെ വിവിധ മേഖലകളും സ്വദേശിവല്‍ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി. ഇതിനിടയിലുണ്ടായിരിക്കുന്ന തിരിച്ചടി നിതാഖത്ത് നിയമത്തില്‍ ഇളവ് വരുത്താന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.