ഖഷോഗിയെ വധിക്കാന്‍ ഉത്തവിട്ടത് സൗദി കിരീടാവകാശിയെന്ന് സിഐഎ

വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ നിര്‍ദേശിച്ചത് സൗദി കിരീടാവകാളി മുഹമ്മദ് ബിന്‍ സല്മാന് ആണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി സിഐഎ. അസോസിയേറ്റ് പ്രസും വാഷിംഗ്ടണ്‍ പോസ്റ്റുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖഷോഗി രേഖകള്‍ വാങ്ങാന്‍ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയത് മുഹമ്മദി ബിന്‍ സല്‍മാന്റെ സഹോദരനും അമേരിക്കയിലെ സൗദി അംബാസഡറുമായ ഖാലിദ് ബിന്‍ സല്‍മാന്റെ നിര്‍ദേശം അനുസരിച്ചാണെന്ന് സിഐഎ ആരോപിക്കുന്നു.
ഖാലിദും ഖഷോഗിയുമായി നടന്ന ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഖഷോഗിയെ വധിക്കുന്നതു സംബന്ധിച്ച് ഖാലിദിന് വിവരമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് ഖാലിദ് ഫോണ്‍ വിളിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം സി.ഐ.എയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും തുര്‍ക്കിയിലേക്ക് പോകുന്ന വിഷയം ഖാലിദും ഖഷോഗിയും സംസാരിച്ചിട്ടില്ലെന്നും വാഷിങ്ടണിലെ സൗദി എംബസി വക്താവ് പറഞ്ഞു.
സൗദിയിലെ ഏറ്റവും ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധവെക്കുന്ന മുഹമ്മദ് ബിന്‍ സല്മാന് അറിയാതെ കൊലപാതകം നടക്കില്ലെന്നന്നാണ് സിഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. കോണ്‍സുലേറ്റില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് സൗദി ആഴ്ചകളായി നല്കിക്കൊണ്ടിരിക്കുന്നത്. കൊലപാതക ശേഷം കൊലയാളി സംഘത്തിലെ അംഗമായ മാഹിര്‍ മുതരിബ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത സഹായിയായ സൗദ് അല്‍ ഖഹ്താനിയെ വിളിച്ച് കാര്യം അറിയിച്ചെന്നും മറ്റൊരു ഓഡിയോ റെക്കോര്‍ഡില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും സിഐഎ റിപ്പോര്‍ട്ട് പറയുന്നു.