അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ എന്ന് സൗദി; ആയുധങ്ങളുടെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചു

സൗദി അറേബ്യയിലെ അരാംകോ പ്ലാന്റിന് നേരെ നടന്ന ഡ്രോണ് ആക്രമണത്തിന് പിന്നില് ഇറാന് എന്ന് സൗദി.
 | 
അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ എന്ന് സൗദി; ആയുധങ്ങളുടെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചു

റിയാദ്: സൗദി അറേബ്യയിലെ അരാംകോ പ്ലാന്റിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ എന്ന് സൗദി. ആക്രമണത്തിന് ഇറാന്‍ നിര്‍മിച്ച ഡ്രോണുകളും ക്രൂസ് മിസൈലുകളുമാണ് ഉപയോഗിച്ചതെന്ന് സൗദി ആരോപിക്കുന്നു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് സൗദി പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാല്‍കി ഇറാനെതിരെ ആഞ്ഞടിച്ചത്.

ഇറാന്റെ പങ്കിന് നിഷേധിക്കാനാകാത്ത തെളിവുകളാണ് ഉള്ളതെന്ന് മാല്‍കി പറഞ്ഞു. 25 ഡ്രോണുകളും മിസൈലുകളും ക്രൂഡ് ഓയില്‍ പ്ലാന്റിന് നേരെ പ്രയോഗിക്കപ്പെട്ടു. ഇറാനിയന്‍ ഡെല്‍റ്റാ വിംഗ് ഡ്രോണുകളും യാ അലി ക്രൂസ് മിസൈലുകളുമാണ് ഉപയോഗിക്കപ്പെട്ടത്. വടക്കന്‍ മേഖലയില്‍ നിന്നാണ് ആക്രമണമെന്നത് ഇറാന്റെ പങ്കിന് കൂടുതല്‍ സാധുത നല്‍കുകയാണെന്നും മാല്‍കി അവകാശപ്പെട്ടു.

എന്നാല്‍ ഇറാന്‍ നേരിട്ട് നടത്തിയ ആക്രമണമാണോ ഇതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ മാല്‍കി തയ്യാറായില്ല. അതേസമയം ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചു. സൗദിക്ക് ഇക്കാര്യത്തില്‍ ഒന്നും അറിയില്ലെന്ന് തെളിയിക്കുന്നതാണ് വാര്‍ത്താസമ്മേളനം എന്ന് ഇറാന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു.