കൊഞ്ചില്‍ കൊക്കെയിന്‍ സാന്നിധ്യം; അമ്പരന്ന് ശാസ്ത്രജ്ഞന്മാര്

ലണ്ടന്‍: ശുദ്ധജലത്തില്‍ വളരുന്ന കൊഞ്ചിന്റെ ശരീരത്തില്‍ കൊക്കെയിന്‍ സാന്നിധ്യം കണ്ടെത്തി. ഇംഗ്ലണ്ടിലെ സഫക്കിലാണ് കൊഞ്ചിന്റെ ശരീരത്തില്‍ മയക്കുമരുന്ന് സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ചത്. നദികളിളെ മാരകമായ രാസവസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച് നടത്തിയ പഠനത്തിനിടെയാണ് അമ്പരപ്പിക്കുന്ന ഈ കണ്ടെത്തലുണ്ടായത്. സഫക്കിലെ നാല് നദികളിലായി 15 പ്രദേശങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. പരിശോധിച്ച എല്ലാ സാമ്പിളുകളിലും കൊക്കെയിന്‍ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റൊരു മയക്കുമരുന്നായ കീറ്റാമിനും കൊഞ്ചുകളില്‍ കണ്ടെത്തി. കിംഗ്സ് കോളേജ് ലണ്ടനിലെയും സഫക്ക് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് പഠനം നടത്തിയത്. സഫക്കിലെ നദികളിലുള്ള ജീവികളില്‍ മാത്രമാണോ മയക്കുമരുന്ന് സാന്നിധ്യമുള്ളത്, അതോ യുകെയിലെ എല്ലാ പ്രദേശങ്ങളിലും ഈ പ്രശ്നമുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞരെന്ന് സഫക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. നിക്ക് ബറി പറഞ്ഞു.
കാലാവസ്ഥാമാറ്റം, മൈക്രോപ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയ പ്രതിസന്ധികള്‍ ജലാശയങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജലജീവികളെ ഇവ നേരിട്ടാണ് ബാധിക്കുന്നത്. എന്നാല്‍ മയക്കുമരുന്നുകള്‍ പോലെയുള്ള വസ്തുക്കള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഇത്രയും കാലം അദൃശ്യമായി നിലനില്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.
ഗാമാറസ് പ്യൂലക്സ് എന്ന ശുദ്ധജലവാസിയായ കൊഞ്ച് ഇനമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. മയക്കുമരുന്നിനൊപ്പം നിരോധിക്കപ്പെട്ട മരുന്നുകളുടെയും കീടനാശിനികളുടെയും സാന്നിധ്യവും ഇവയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ സാന്നിധ്യം ജീവികളില്‍ കണ്ടെക്കിയത് അതിശയകരമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.