ബസ്സിന്റെ പേര് ‘തല്ലടാ’ എന്ന് മതിയായിരുന്നു; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

അവസരം ലഭിച്ചാല് ഈ മേഖലയിലെ ചൂഷണങ്ങളെ സംബന്ധിച്ചും പ്രസ്തുത വിഷയത്തെ സംബന്ധിച്ചും അടുത്ത നിയമസഭാ സമ്മേളനത്തില് ഉന്നയിക്കുമെന്നും അതിന് മുന്പ് കൃത്യമായ പോലീസ് നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 | 
ബസ്സിന്റെ പേര് ‘തല്ലടാ’ എന്ന് മതിയായിരുന്നു; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

കൊച്ചി: സുരേഷ് കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരായ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. ബസിന്റെ പേര് തല്ലടാ എന്നാക്കുന്നതായിരുന്നു ഉചിതമെന്ന് ഷാഫി പറമ്പില്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. അവസരം ലഭിച്ചാല്‍ ഈ മേഖലയിലെ ചൂഷണങ്ങളെ സംബന്ധിച്ചും പ്രസ്തുത വിഷയത്തെ സംബന്ധിച്ചും അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും അതിന് മുന്‍പ് കൃത്യമായ പോലീസ് നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബസിന്റെ പെര്‍മിറ്റ് ഉടന്‍ റദ്ദാക്കിയേക്കും. ഇതു സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച് ഗതാഗതത മന്ത്രി എ.കെ.ശശീന്ദ്രന്‍ എറണാകുളം ആര്‍.ടി.ഒ യോട് റിപ്പോര്‍ട്ട് തേടിയിരുന്നു. വിഷയത്തില്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരനുമായി താന്‍ നേരിട്ടു സംസാരിച്ചുവെന്നും പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ബെഹ്റ പറഞ്ഞു.

ബസ്സിന്റെ പേര് "തല്ലടാ" എന്ന് ആക്കിയ മതിയായിരുന്നു .ആ ഗുണ്ടകളെ ഒരു പാഠം പഠിപ്പിക്കാൻ പോലീസിനും നിയമത്തിനും കഴിയണം ….

Posted by Shafi Parambil on Monday, April 22, 2019

മാനേജര്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് സൂചന. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി വൈറ്റില സുരേഷ് കല്ലട ട്രാവല്‍ ഏജന്‍സി ജീവനക്കാരും ഡ്രൈവറും ചേര്‍ന്ന് തല്ലിച്ചതച്ചത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കള്‍ക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ ട്രാവല്‍സിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് ബംഗുളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലായി. തകരാറ് ഉടന്‍ പരിഹരിക്കുമെന്ന് ജിവനക്കാര്‍ വ്യക്തമാക്കിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നതോടെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്. എന്നാല്‍ അപ്പോഴേക്കും രണ്ടര മണിക്കൂറിലധികം സമയം ബസ് വൈകിയിരുന്നു.

അഷ്‌കറും സച്ചിനും അജയ് ഘോഷും ഇടപെട്ടാണ് കാര്യങ്ങള്‍ പരിഹരിച്ചത്.എന്നാല്‍ ഇതില്‍ പ്രകോപിതരായ ബസ് ജീവനക്കാര്‍ വൈറ്റിലയിലെത്തിയപ്പോള്‍ ഇവരെ മര്‍ദ്ദിച്ച് അവശരാക്കി. സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും അക്രമത്തിന് കൂട്ടുനിന്നതോടെ മൂവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു.