ഐക്യരാഷ്ട്രസഭ ദാരിദ്ര്യത്തില്‍; യുഎന്‍ ആസ്ഥാനത്തെ എസ്കലേറ്ററുകള്‍ നിലച്ചു, വാട്ടര്‍ കൂളറുകള്‍ ശൂന്യം

യുഎന്‍: കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ട് ഐക്യരാഷ്ട്രസഭ. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് യുഎന്‍ ആസ്ഥാനത്തെ എസ്കലേറ്ററുകളും ഹീറ്റിംഗ് സംവിധാനവും നിര്‍ത്തി വെച്ചു. വാട്ടര്‍ കൂളറുകള്‍ പോലും ശൂന്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിനിധികള്‍ക്ക് വേണ്ടിയുള്ള ബാറുകള്‍ വൈകുന്നേരം 5 മണിക്ക് തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്.
മറ്റു മാര്‍ഗ്ഗങ്ങളൊന്നും തങ്ങള്‍ക്ക് മുന്നിലില്ലെന്നാണ് യുഎന്‍ മാനേജ്മെന്റ് വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥ കാതറീന് പൊള്ളാര്‍ഡ് പറയുന്നത്. 37,000ത്തോളം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുകയെന്നതിനാണ് ഇപ്പോള്‍ പ്രാഥമിക പരിണനയെന്നും അവര്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അയച്ച കത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് വിവരിക്കുന്നുണ്ട്.
വിമാനയാത്രകളും റിസപ്ഷനുകളും കുറയ്ക്കണമെന്നും രേഖകള്‍, റിപ്പോര്‍ട്ടുകള്‍, വിവര്‍ത്തനങ്ങള്‍ എന്നിവയിലെ ചെലവ് കുറയ്ക്കണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തെപ്പോലും പ്രതിസന്ധി ബാധിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തന ബജറ്റില്‍ 1.4 ബില്യന്‍ ഡോളറിന്റെ കുറവുണ്ടെന്ന് യുഎന്‍ വ്യക്തമാക്കിയിരുന്നു.
60 രാജ്യങ്ങള്‍ പണമടയ്ക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. ഇവയില്‍ 7 രാജ്യങ്ങളാണ് 90 ശതമാനം തുകയും നല്‍കാനുള്ളത്. അമേരിക്ക മാത്രം ഒരു ബില്യന്‍ ഡോളറോളം കുടിശിക വരുത്തിയിട്ടുണ്ട്. ബ്രസീല്‍, അര്‍ജന്റീന, മെക്സിക്കോ, ഇറാന്, ഇസ്രയേല്‍, വെനസ്വേല എന്നിവയാണ് കുടിശിക വരുത്തിയിട്ടുള്ള മറ്റ് രാജ്യങ്ങള്‍.