ജര്‍മന്‍ മാധ്യമപ്രവര്‍ത്തകന് വേണ്ടി തെരച്ചില്‍; ബന്ധുവിനെ വെടിവെച്ച് കൊന്ന് താലിബാന്‍

 | 
Taliban
താലിബാന്‍ പിടിച്ചടക്കിയ താലിബാനില്‍ നിന്ന് ക്രൂരതയുടെ കൂടുതല്‍ കഥകള്‍ പുറത്തു വരുന്നു.

താലിബാന്‍ പിടിച്ചടക്കിയ താലിബാനില്‍ നിന്ന് ക്രൂരതയുടെ കൂടുതല്‍ കഥകള്‍ പുറത്തു വരുന്നു. ജര്‍മന്‍ മാധ്യമപ്രവര്‍ത്തകന് വേണ്ടി തെരച്ചില്‍ നടത്തിയ താലിബാന്‍ തീവ്രവാദികള്‍ അദ്ദേഹത്തിന്റെ ബന്ധുവിനെ വെടിവെച്ച് കൊന്നു. മറ്റൊരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ജര്‍മന്‍ മാധ്യമായ ഡോയ്‌ചെ വെലെയില്‍ (ഡിഡബ്ല്യു) പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന് വേണ്ടി വീടുകള്‍ കയറിയിറങ്ങി താലിബാന്‍ പരിശോധന നടത്തുകയാണ്. 

സംഭവത്തെ അപലപിച്ച ഡിഡബ്ല്യു ഡയറക്ടര്‍ ജനറല്‍ പീറ്റര്‍ ലിംബോര്‍ഗ് അഫ്ഗാനില്‍ മാധ്യമപ്രവര്‍ത്തകരും അവരുടെ ബന്ധുക്കളും സുരക്ഷിതരല്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ ലക്ഷ്യമിടുകയാണ്. തങ്ങളുടെ മറ്റ് മൂന്ന് ജേര്‍ണലിസ്റ്റുകള്‍ക്ക് വേണ്ടിയും താലിബാന്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. 

അഫ്ഗാനിലുള്ള തങ്ങളുടെ ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഫ്ഗാന്‍ ഗവണ്‍മെന്റിനോട് ജര്‍മന്‍ മാധ്യമസ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടു. താലിബാന്‍ കയ്യടക്കിയ ശേഷം മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു താലിബാന്‍ അറിയിച്ചത്. അമേരിക്കന്‍ സൈന്യത്തിനും നാറ്റോയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കായും താലിബാന്‍ തെരച്ചില്‍ നടത്തുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.