ഡാനിഷ് സിദ്ദിഖി അബദ്ധത്തില്‍ കൊല്ലപ്പെട്ടതല്ല; വെടിവെച്ച് കൊലപ്പെടുത്തിയത് തിരിച്ചറിഞ്ഞതിന് ശേഷം

റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് അബദ്ധത്തില് അല്ലെന്ന് റിപ്പോര്‍ട്ട്. പുലിറ്റ്‌സര്‍ ജേതാവായ സിദ്ദിഖിയെ തിരിച്ചറിഞ്ഞ ശേഷം താലിബാന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വാഷിംഗ്ടണ്‍ എക്‌സാമിനര്‍ എന്ന അമേരിക്കന്‍ പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്യുന്നു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് എന്ന പ്രദേശത്ത് നടന്ന സംഘര്‍ഷത്തിനിടെ സിദ്ദിഖി കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഫ്ഗാന്‍ സൈന്യത്തിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ തേടിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്പിന്‍ ബോല്‍ദാക്കില്‍ അഫ്ഗാന്‍ സൈന്യവും താലിബാനുമായി നടക്കുന്ന സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണ് ഡാനിഷ് സിദ്ദിഖി എത്തിയത്. സൈന്യത്തിനൊപ്പമായിരുന്നു യാത്ര. സംഘം കസ്റ്റംസ് പോസ്റ്റിന് അടുത്ത് എത്തിയപ്പോള്‍ താലിബാന്‍ ആക്രമിച്ചു. ഇതോടെ സംഘം രണ്ടായി പിരിഞ്ഞു. സിദ്ദിഖിക്കൊപ്പം മൂന്ന് സൈനികര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആക്രമണത്തില്‍ സിദ്ദിഖിക്ക് വെടിയേറ്റിരുന്നു. ഇവര്‍ സമീപത്തുള്ള ഒരു പള്ളിയില്‍ അഭയം തേടുകയും അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷകള്‍ ലഭിക്കുകയും ചെയ്തു.
പക്ഷേ താലിബാന്‍ ആക്രമണത്തില്‍ പരിക്കേറ്റ ഒരു മാധ്യമപ്രവര്‍ത്തകന്‍ പള്ളിയില്‍ ഉണ്ടെന്ന വാര്‍ത്ത പരക്കുകയും താലിബാന്‍ തീവ്രവാദികള്‍ പള്ളി ആക്രമിക്കുകയും ചെയ്തു. സിദ്ദിഖിയെ താലിബാന്‍ ജീവനോടെയാണ് പിടികൂടിയത്. തിരിച്ചറിയല്‍ രേഖ പരിശോധിച്ചതിന് ശേഷമാണ് സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. സിദ്ദിഖിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒപ്പമുണ്ടായിരുന്ന കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. സിദ്ദിഖിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലിനിടെ സിദ്ദിഖി അബദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് താലിബാന്‍ നേരത്തേ നല്‍കിയ വിശദീകരണം.