തായ്ലാന്ഡ് ഗുഹയ്ക്കുള്ളില്‍ നിന്ന് 4 കുട്ടികളെ രക്ഷപ്പെടുത്തി; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകം
ബാങ്കോക്ക്: തായ്ലാന്റിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്ബോള്‍ ടീമിലെ 4 പേരെ രക്ഷപ്പെടുത്തി. ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുകയാണ്. ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്ന വാര്‍ത്തകളനുസരിച്ച് മുഴുവന്‍ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതേസമയം ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണ്. ബഡ്ഡി ഡൈവിംഗിലൂടെയാണ് കുട്ടികളെ പുറത്തെത്തിക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനാലാണ് ഇത് സാധ്യമാകുന്നത്. അതേസമയം മഴ ശക്തമാകുമെന്ന ആശങ്കയും നിലവിലുണ്ട്.

ഇനി 8 കുട്ടികളും കോച്ചും പുറത്തെത്താനുണ്ട്. ഇവര്‍ ഗുഹയിലെ പട്ടായ ബീച്ച് എന്ന പ്രദേശത്തു നിന്ന് പുറത്തിറങ്ങി കഴിഞ്ഞതായിട്ടാണ് വിവരം. ഇടയ്ക്ക് വെച്ച് മഴ വന്നാല്‍ ഗുഹയിലെ വെള്ളത്തിന്റെ അളവ് വര്‍ദ്ധിക്കും. ചെളി നിറയാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാവും.

ചെറു സംഘങ്ങളായാണ് കുട്ടികളെ പുറത്തെത്തിക്കുന്നതെന്നാണ് വിവരം. എല്ലാവരെയും പുറത്തെത്തിക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. രണ്ടാഴ്ച നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ ഫലം കണ്ടു തുടങ്ങുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായെത്തിവരുടെയും മാധ്യമങ്ങളുടെയും വന്‍ സംഘമായിരുന്നു ഗുഹാമുഖത്ത് രണ്ടാഴ്ചയായി തമ്പടിച്ചിരുന്നത്. അവസാന ഘട്ട രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നുവെന്ന സൂചന നല്‍കിക്കൊണ്ട് മാധ്യമ പ്രവര്‍ത്തകരോട് ഗുഹാമുഖത്ത് നിന്ന് മാറണമെന്ന് ഇന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

ഓസ്ട്രേലിയയില്‍ നിന്നുള്ള സംഘമാണ് സംഘത്തിലെ മെഡിക്കല്‍ ടീമിനെ ഏകോപിപ്പിക്കുന്നത്. ആദ്യഘട്ടത്തിലെ രക്ഷാപ്രവര്‍ത്തനം വിജയം കണ്ടതോടെ ബഡ്ഡി ഡൈവിംഗ് രീതി തന്നെയായിരിക്കും വീണ്ടും പരീക്ഷിക്കുക. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളൊന്നും സംഭവച്ചില്ലെങ്കില്‍ കൂടുതല്‍ പേരെ ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിക്കാന്‍ കഴിയും. കോച്ചും കുട്ടികളും ആരോഗ്യാവാന്മാരാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു കുട്ടിയോടൊപ്പം രണ്ട് ഡൈവേഴ്സ് ഉണ്ടാവും. കുട്ടിക്ക് വഴി കാണിക്കാന്‍ ഒരാളും മറ്റൊരാള്‍ കുട്ടിയുടെ ഓക്സിജന്‍ സിലിണ്ടര്‍ ചുമക്കുകയും ചെയ്യും.