കാബൂള്‍ വളഞ്ഞ് താലിബാന്‍; സ്ഥിരീകരിച്ച് അഫ്ഗാന്‍ ഗവണ്‍മെന്റ്
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ പ്രവേശിച്ചു. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതിര്‍ത്തിയില്‍ തമ്പടിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങള്‍ പിടിച്ച താലിബാന്‍ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ബലപ്രയോഗത്തിലൂടെ കാബൂള്‍ കീഴടക്കാന്‍ പദ്ധതിയില്ലെന്നാണ് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കുന്നത്.
അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 22ന്റെയും നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു കഴിഞ്ഞു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കീഴടക്കിയിരുന്നു. താലിബാന്‍ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ കാബൂളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം ദോഹയില്‍ തിരക്കിട്ട സമാധാന നീക്കങ്ങളാണ് നടക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിന് തയ്യാറാകാന്‍ ഖത്തര്‍ താലിബാനോട് ആവശ്യപ്പെട്ടു.