ഓസ്‌ട്രേലിയ ഉരുകുന്നു! അനുഭവപ്പെടുന്നത് 40 ഡിഗ്രിക്കു മേല്‍ ചൂട്

സിഡ്‌നി: ലോകത്തിന്റെ ഒരു ഭാഗം വിന്റര് തണുപ്പില് മുങ്ങിനില്ക്കുമ്പോള് കടുത്ത ചൂടില് ഓസ്ട്രേലിയ ഉരുകുന്നു. സിഡ്നിയില് 80 വര്ഷത്തിനു ശേഷമാണ് ഇത്രയും കടുത്ത ചൂട് അനുഭവപ്പെടുന്നതെന്ന് റിപ്പോര്ട്ടുകള് പറയുന്നു. തുടര്ച്ചയായി അഞ്ചാം ദിവസവും ഇവിടെ 40 ഡിഗ്രിക്കു മുകളിലാണ് താപനില. 1939ന് ശേഷം ആദ്യമായാണ് ഇത്രയും ദിവസം കടുത്ത ചൂട് തുടരുന്നത്.
ന്യൂ സൗത്ത് വെയില്‍സിലെ മിക്കയിടങ്ങളിലും ഇന്ന് 41 ഡിഗ്രി ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പറയുന്നു. ചൂടിനെ തടുക്കാന്‍ പല മാര്‍ഗ്ഗങ്ങളും തേടുകയാണ് ജനങ്ങള്‍. കടുത്ത വെയിലില്‍ പുറത്തിറങ്ങരുതെന്നും ശാരീരികാധ്വാനം കുറയ്ക്കണമെന്നുമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയിട്ടുണ്ട്.
കടുത്ത ചൂട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മരണത്തിനു വരെയും കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ അറിയിക്കുന്നത്. രാവിലെ 9 മണിയോടെ തന്നെ പലയിടങ്ങളിലും 35 ഡിഗ്രി വരെ താപനില ഉയരുന്നു. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ 16 പേരെ അസ്വസ്ഥതകളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ ഹീറ്റ് വേവില്‍ രാത്രി താപനില 30 ഡിഗ്രിയാണ് പലയിടത്തും രേഖപ്പെടുത്തുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ വര്‍ഷം കടുത്ത വേനലായിരിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കടുത്ത ശൈത്യം അനുഭവപ്പെട്ട കേരളത്തില്‍ ഈ വര്‍ഷം വേനല്‍ച്ചൂട് ക്രമാതീതമായി ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.