ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നു; രാജി പ്രഖ്യാപിച്ച് തെരേസ മേയ്

ലണ്ടന്‍: ഇന്ത്യയില്‍ മോദി സര്ക്കാര് രണ്ടാം വട്ടം ഭരണത്തിലേറുമ്പോള് ബ്രിട്ടനില് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നു. ബ്രെക്സിറ്റ് വിഷയത്തില് സ്വന്തം പാര്ട്ടിയില് നിന്നുള്ള പിന്തുണയും നഷ്ടമായ പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് രാജിവെക്കുമെന്ന് മേയ് അറിയിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതുവരെ മേയ് പദവിയില്‍ തുടരും. ബ്രിട്ടന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് പദവിയില്‍ നിന്ന് നാണംകെട്ട് പുറത്തു പോകുന്നത്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമെന്ന ഹിതപരിശോധനാ ഫലം നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഉടമ്പടിയാണ് തെരേസ മേയ്ക്ക് അധികാരം നഷ്ടപ്പെടാന്‍ കാരണമായത്. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിയ വ്യവസ്ഥകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചില്ല. സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെ പിന്തുണ പോലും ലഭിക്കാതെ മൂന്നു തവണയാണ് ഈ ഉടമ്പടി പാര്‍ലമെന്റ് തള്ളിയത്. ബ്രെക്‌സിറ്റ് ഉടമ്പടി അവതരിപ്പിച്ചപ്പോള്‍ തന്നെ ക്യാബിനറ്റില്‍ നിന്ന് പല മന്ത്രിമാരും രാജിവെച്ച് പ്രതിഷേധം അറിയിച്ചിരുന്നു.
പ്രതിപക്ഷവുമായി സമവായത്തിലെത്തുന്നതിന്റെ ഭാഗമായി പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയും പരാജയമായി മാറി. ഇതിനു പിന്നാലെയാണ് മേയ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തെരേസ മേയുടെ മുന്‍ഗാമിയായ ഡേവിഡ് കാമറൂണ്‍ 2016ല്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം രാജിവെക്കുകയായിരുന്നു. ഇതിനു ശേഷമാണ് അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന മേയ് പ്രധാനമന്ത്രിയായി അധികാരമേറ്റത്.