ഉയിര്‍പ്പ് കാത്ത് 50,000 മൃതശരീരങ്ങള്‍ സൂക്ഷിക്കുന്ന അമേരിക്കയിലെ കെട്ടിടം

ടെക്‌സാസ്: ലോകത്തെ ഭൂരിപക്ഷം ജനങ്ങളും മരണാനന്തര ജീവിതത്തില് വിശ്വസിക്കുന്നവരാണ്. പല മതങ്ങളും മരണശേഷം സ്വര്ഗത്തില് നിത്യജീവന് വാഗ്ദാനം ചെയ്യുന്നുണ്ട്. മരണാനന്തര ജീവിതത്തെക്കുറിച്ച് തെളിവുകളൊന്നുമില്ലെങ്കിലും അതിനായി മൃതദേഹം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്ന നിരവധി സംഭവങ്ങള് ഉണ്ടായിട്ടുണ്ട്. എന്നാല് ടെക്സാസിലെ ടൈംഷിപ്പ് ബില്ഡിംഗില് മൃതശരീരങ്ങള് സൂക്ഷിക്കാന് മാത്രമായി ഒരു അറ ഒരുങ്ങുകയാണ്. 50,000 മൃതദേഹങ്ങള് ഇതിനുളളില് സൂക്ഷിച്ചുവയ്ക്കാനാവും.
മൃതശരീരങ്ങള്‍ കൂടാതെ ശാരീരികാവയവങ്ങള്‍, കോശങ്ങള്‍, ശരീരകലകള്‍ എന്നിവയും ഇവിടെ സൂക്ഷിച്ചുവയ്ക്കാനാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയിര്‍പ്പിക്കപ്പെടുമെന്ന വിശ്വാസത്തില്‍ മനുഷ്യശരീരങ്ങള്‍ മരവിപ്പിച്ച് കേടുകൂടാതെ സൂക്ഷിക്കുന്ന ക്രയോപ്രിസര്‍വേഷന്‍, ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനുള്ള മറ്റ് ഗവേഷണങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. ടൈംഷിപ്പ് ജനങ്ങളെ ‘ഭാവിയിലേക്ക്’ സൂക്ഷിച്ചുവയ്ക്കുകയാണെന്ന് പദ്ധതിയുടെ ആര്‍ക്കിടെക്റ്റ് സ്റ്റീഫന്‍ വലന്റൈന്‍ പറഞ്ഞു. പ്രായമാകുന്നത് തടയാനും അതിലൂടെ മരണം ഇല്ലാതാക്കാനുമാണ് ടൈംഷിപ്പ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തിനെതിയുള്ള പ്രതിരോധം, ആഗോള താപനത്തിന്റെ ഫലമായി കടലുകളില്‍ ഉണ്ടാകുന്ന മാറ്റം, ദുരന്തങ്ങളുടെ ഫലമായുണ്ടാകുന്ന വൈദ്യുതി വിതരണത്തിലെ പാളിച്ച എന്നിവയിലും ടൈംഷിപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

