യു.എസ് താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പ്രത്യാഘാതമുണ്ടാവും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയുടെ താല്പര്യങ്ങള്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അതിശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്ക ഗള്‍ഫിലേക്ക് പോര്‍വിമാനങ്ങളും പടക്കപ്പലുകളും അയച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഭീഷണിയുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇറാന് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് നിലപാടറിയിച്ച് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരീഫ് രംഗത്ത് വന്നിരുന്നു.
നേരത്തെ ഇരു രാജ്യങ്ങളിലുമുള്ള തങ്ങളുടെ പൗരന്മാരെ തിരികെ വിളിച്ചിരുന്നു. അത്യാവശ്യമായി ജോലിയില്‍ കഴിയുന്നവരെ ഒഴികെ എല്ലാവരും രാജ്യത്തേക്ക് മടങ്ങിവരണമെന്നാണ് അമേരിക്ക നല്‍കിയിട്ടുള്ള നിര്‍ദേശം. ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും അമേരിക്ക അയച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് ഔദ്യോഗിക സ്ഥീരികരണം ഉണ്ടായിട്ടില്ല.
ഇറാനെതിരെ അമേരിക്ക സൈനിക നീക്കം നടത്താനുള്ള അവസാന തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ എബ്രഹാം ലിങ്കണ് പടക്കപ്പല്‍ അമേരിക്ക ഇറാന് സമീപം വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെ ബി 52 ബോംബര്‍ വിമാനങ്ങളും അമേരിക്ക ഗള്‍ഫിലേക്ക് അയച്ചിരുന്നു. ഖത്തറിലെ അല്‍ ഉബൈദ് വ്യോമ താവളത്തില്‍ ബോംബര്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.