ഇറാന്റെ മിസൈല്‍ ലോഞ്ച്പാഡിന്റെ ചിത്രം പുറത്തുവിട്ടു; ട്രംപിന്റെ ‘മണ്ടത്തരം’ യു.എസിന്റെ ചാരവൃത്തി വെളിച്ചത്താക്കി

ചാര വിമാനത്തില് നിന്നും എടുത്ത ചിത്രമാണ് ട്രംപ് പുറത്തു വിട്ടിരിക്കുന്നതെന്നാണ് വിദഗ്ദദ്ധരുടെ നിഗമനം.
 | 
ഇറാന്റെ മിസൈല്‍ ലോഞ്ച്പാഡിന്റെ ചിത്രം പുറത്തുവിട്ടു; ട്രംപിന്റെ ‘മണ്ടത്തരം’ യു.എസിന്റെ ചാരവൃത്തി വെളിച്ചത്താക്കി

വാഷിംഗ്ടണ്‍: ഇറാന്റെ മിസൈല്‍ ലോഞ്ച്പാഡിന്റെ ചിത്രം പുറത്തുവിട്ട അമേരിക്കന്‍ പ്രസിഡന്റിനെതിരെ ട്രോള്‍. അമേരിക്ക ഇറാന് മേല്‍ ചാരവൃത്തി നടത്തുന്നുവെന്നത് ഏറെ നാളായി ഉയരുന്ന ആരോപണമാണ്. എന്നാല്‍ ഇത് അമേരിക്ക നിഷേധിക്കുകയാണ് ചെയ്തത്. പുതിയ ചിത്രം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തുവിട്ടതോടെ ചാരവൃത്തി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ട്രംപ് ‘മണ്ടത്തരം’ കാണിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പരിഹസിക്കുന്നു.

ചാര വിമാനത്തില്‍ നിന്നും എടുത്ത ചിത്രമാണ് ട്രംപ് പുറത്തു വിട്ടിരിക്കുന്നതെന്നാണ് വിദഗ്ദദ്ധരുടെ നിഗമനം. അതേസമയം ചിത്രം സാറ്റലൈറ്റ് ഇമേജുകളല്ലെന്ന സ്ഥിരീകരണം ഉണ്ടായാല്‍ അമേരിക്കയ്ക്ക് എതിരെ ഇറാന്‍ ശക്തമായ നിലപാട് സ്വീകരിച്ചേക്കുമെന്നാണ് നിഗമനം. നേരത്തെ അമേരിക്കയുടെ കോടിക്കണക്കിന് ഡോളര്‍ വിലയുള്ള അത്യാധുനിക ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. വ്യോമാതിര്‍ത്തി കടന്ന് ചാരവൃത്തിക്ക് ശ്രമിച്ചതോടെയാണ് ഡ്രോണ്‍ വെടിവെച്ചിടാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇറാന്‍ വിശദീകരണം നല്‍കിയിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ഡ്രോണ്‍ തകര്‍ത്തത് വലിയ വാര്‍ത്തയായി. അമേരിക്കയുടെ പടക്കപ്പലിന്റെ വീഡിയോയും ഇറാന്‍ പുറത്തു വിട്ടിരുന്നു. ഈ രണ്ട് സംഭവങ്ങളും അമേരിക്കയ്ക്ക് വലിയ ക്ഷീണമുണ്ടാക്കി. ഇതാണ് പരസ്യമായി ചാരവൃത്തി സമ്മതിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നു.