ഖഷോഗി വധം; മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിനെതിരെ ടുണീഷ്യയില് പ്രതിഷേധം

ടൂണിസ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് നടത്താനിരിക്കുന്ന സന്ദര്ശനത്തിനെതിരെ ടുണീഷ്യയില് പ്രതിഷേധം. സൗദി മാധ്യമപ്രവര്ത്തകന് ജമാല് ഖഷോഗിയുടെ വധത്തിന്റെ പശ്ചാത്തലത്തിലാണ് എംബിഎസിനെതിരെ ടുണീഷ്യന് ആക്ടിവിസ്റ്റുകള് രംഗത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് മുഹമ്മദ് ബിന് സല്മാന് ടുണീഷ്യയിലെത്തുന്നത്. അന്ന് കാര്ത്തെയ്ജിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുമ്പില് പ്രതിഷേധിക്കാനാണ് ആക്ടിവിസ്റ്റുകളുടെ ആഹ്വാനം.
സന്ദര്‍ശനത്തിനെതിരെ നിയമപരമായി നീങ്ങാനും പദ്ധതിയുണ്ട്. ഇതിനായി മാധ്യമപ്രവര്‍ത്തകരും ബ്ലോഗര്‍മാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘം 50 അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അറബ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് ബിന് സല്മാന് ടുണീഷ്യയിലെത്തുന്നത്. വ്യാഴാഴ്ച യു.എ.ഇ സന്ദര്‍ശനത്തോടെ സന്ദര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടു.
സല്‍മാന്റെ നയങ്ങളുടെ വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. ഈ സംഭവത്തിനു ശേഷം മുഹമ്മദ് ബിന് സല്‍മാന്‍ നടത്തുന്ന ആദ്യ വിദേശ പര്യടനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.