തെരേസ മേയുടെ പിന്ഗാമിയെ കണ്ടെത്താന് ബ്രിട്ടന്; ചര്ച്ചകള് സജീവം

ലണ്ടന്: തെരേസ മേയുടെ പിന്ഗാമിയെ കണ്ടെത്താന് ബ്രിട്ടന് ചര്ച്ചകള് സജീവം. നിലവില് ജൂണ് 7ന് സ്ഥാനമൊഴിയുമെന്ന് മേ അറിയിച്ചിരിക്കുന്നത്. കണ്സര്വേറ്റിവ് പാര്ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ കാവല് പ്രധാനമന്ത്രിയായി മേയ് തുടര്ന്നേക്കും. ഏറെ വികാരപരമായിരുന്നു മേയുടെ രാജി പ്രഖ്യാപനം. ബ്രെക്സിറ്റ് ഹിതപരിശധനാഫലത്തോട് നീതി പുലര്ത്താന് പരമാവധി ശ്രമിച്ചുവെന്നും എന്നിട്ടും കരാറുണ്ടാക്കാന് പറ്റാത്തതില് ദു:ഖമുണ്ടെന്നും മേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബ്രക്സിറ്റ് കരാര് പാര്ലമെന്റില് മൂന്ന് തവണ വോട്ടിനിട്ട് പരാജയപ്പെട്ടതോടെ തെരേസ മേയുടെ രാജി ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം മേയ് രാജി പ്രഖ്യാപിച്ചത്. നിലവില്‍ സാജിദ് ജാവിദ്, ബോറിസ് ജോണ്‍സണ്‍ തുടങ്ങി 15 ഓളം നേതാക്കളെയാണ് നേതൃനിരയിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ആരാവും അടുത്ത പ്രധാനമന്ത്രിയെന്ന് കണ്‍സര്‍വേറ്റീവ് നേതൃത്വം യാതൊരു സൂചനകളും നല്‍കിയിട്ടില്ല.
അതേസമയം മേയുടെ രാജി പ്രഖ്യാപനത്തിന് ശേഷം നോ-ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യതകള്‍ ഇരട്ടിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മേയുടെ പിന്ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. നിലവില്‍ ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചത്.
എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടന് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ നോ-ഡീലിലേക്ക് നീങ്ങും. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സ്‌പെയിനും രംഗത്ത് വന്നിട്ടുണ്ട്. ബ്രെക്‌സിറ്റ് കരാര്‍ നിര്‍ത്തലാക്കാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ല. കാരണം ഇ.യു വില്‍ നിന്ന് പുറത്തുപോകല്‍ കരാറില്‍ ബ്രിട്ടന്‍ ഒപ്പുവെച്ചു കഴിഞ്ഞുവെന്നും സ്‌പെയ്ന്‍ പറഞ്ഞു.