റഷ്യയില്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥി സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തു; 8 മരണം, വീഡിയോ പുറത്ത്
റഷ്യയില്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥി ക്യാമ്പസില്‍ നടത്തിയ വെടിവെയ്പ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. പേം ക്രായി മേഖലയിലെ പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഹെല്‍മെറ്റും കറുത്ത വേഷവും ധരിച്ചെത്തിയ വിദ്യാര്‍ത്ഥി മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ പോലീസ് പിടികൂടിയതായി ആര്‍ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 18 വയസുകാരനാണ് അക്രമി.
രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റു വിദ്യാര്‍ത്ഥികള്‍ രണ്ടാം നിലയിലെ ജനലിലൂടെ താഴേക്ക് ചാടുന്നതിന്റെയും അക്രമി തോക്കുമായി കറങ്ങി നടക്കുന്നതിന്റെയും വീഡിയോ പുറത്തു വന്നിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടുന്നതിനായി ഓഡിറ്റോറിയത്തില്‍ കയറി വാതില്‍ പൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്.
റഷ്യയില്‍ ഈ വര്‍ഷം ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്. കഴിഞ്ഞ മെയ് മാസത്തില്‍ സെന്‍ട്രല്‍ റഷ്യയിലെ കസാനിലെ ഒരു സ്‌കൂളില്‍ 19 കാരനായ വിദ്യാര്‍ത്ഥി നടത്തിയ വെടിവെയ്പ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന ചട്ടങ്ങള്‍ കര്‍ശനമാക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.