റഷ്യയില്‍ നിന്ന് ആയുധങ്ങള് വാങ്ങിയ ചൈനയ്ക്ക് മേല് അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി
വാഷിങ്ടന്‍: റഷ്യയില്‍ നിന്ന് ആയുധങ്ങള് വാങ്ങിയ ചൈനയ്ക്ക് മേല് അമേരിക്ക സാമ്പത്തിക ഉപരോധം ഏര്പ്പെടുത്തി. ചൈനീസ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എക്യുപ്മെന്റ് ഡെവലപ്മെന്റ് ഡിപാര്ട്ടുമെന്റിനെതിരെയാണ് (ഇഡിഡി) കടുത്ത നീക്കവുമായി അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ചൈനയുമായി പരസ്യമായ വ്യാപാര തര്ക്കങ്ങളുണ്ടെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധം. അമേരിക്കയുടെ നടപടിയോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
റഷ്യയില്‍ നിന്നും എസ്400 മിസൈല്‍ പ്രതിരോധ സംവിധാനവും സുഖോയ് എസ്യു35 വിമാനങ്ങളുമാണ് എക്യുപ്‌മെന്റ് ഡെവലപ്‌മെന്റ് ഡിപാര്‍ട്ടുമെന്റ് വാങ്ങിയിരിക്കുന്നത്. ചൈനീസ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമാണിത്. കമ്പനിക്ക് നേരെ ഉപരോധം ഉണ്ടാവുന്നത് ചൈനയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം അമേരിക്കയുടെ നീക്കത്തില്‍ ഇന്ത്യയും ആശങ്കയിലാണ്. പ്രതിരോധ ഉപകരണങ്ങളുടെ 60 ശതമാനവും ഇന്ത്യ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. യുദ്ധവിമാനങ്ങളും മിസേലുകളും തുടങ്ങി ഇന്ത്യയുടെ തന്ത്രപ്രധാനമായ പല പ്രതിരോധ സംവിധാനങ്ങളും റഷ്യന്‍ നിര്‍മ്മിതമാണ്. സിറിയയില്‍ റഷ്യ നടത്തുന്ന ഇടപെടലുകള്‍ നേരത്തെ അമേരിക്കയെയും ബ്രിട്ടനെയും ഫ്രാന്‍സിനെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൊടിപ്പിച്ചിരുന്നു. പിന്നാലെയാണ് റഷ്യയുമായി ആയുധ വ്യാപരത്തിലേര്‍പ്പെടരുതെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്.