വേനലില്‍ വരണ്ട് ഗള്‍ഫ് രാജ്യങ്ങള്‍; സ്‌കൂളുടെ സമയക്രമത്തില്‍ മാറ്റം, പുറംജോലിക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ജിദ്ദ: അതിരൂക്ഷമായ ചൂടില്‍ വലഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍. സമീപകാലത്തെ ഏറ്റവും കൂടിയ ചൂടാണ് മിക്ക മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2016ന് ശേഷം ലോകത്ത് തന്നെ ഏറ്റവും കൂടിയ താപനിലയാണ് കുവൈറ്റില് രണ്ട് ദിവസം മുന്പ് റിപ്പോര്ട്ട് ചെയ്തത്. 52 ഡിഗ്രി സെല്‍ഷ്യസാണ് കുവൈറ്റിലെ ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് മുന്‍പ് 2016ലാണ് കുവൈറ്റില്‍ ഇത്രയധികം ചൂട് രേഖപ്പെടുത്തിയത്. അന്ന് 53 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
വരും ദിവസങ്ങളില്‍ താപനില 60 ഡിഗ്രിയിലേക്ക് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. സൗദിയില്‍ സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാവിലെ 7:15 മുതല്‍ 10:15 വരെയാകും ക്ലാസുകള്‍ ഉണ്ടായിരിക്കുക. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാവിലെ 8:30 മുതല്‍ 11:30 വരെയുമാണ് ക്ലാസ്സ്. കെ ജി വിഭാഗത്തിന് ക്ലാസുകള്‍ ഉണ്ടാകില്ല. ദമാം, റിയാദ് തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ സമയക്രമവും മാറ്റിയിട്ടുണ്ട്.
പുറംജോലിക്കാരായ ആളുകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചസമയങ്ങളില്‍ യാതൊരു കാരണവശാലും പുറംപണികള്‍ക്ക് തൊഴിലാളികളെ നിര്‍ബന്ധിക്കരുതെന്ന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികളുടെ സമയക്രമത്തിലും കുവൈത്ത് സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുലര്‍ച്ച 3 മണി മുതല്‍ ഉച്ചയ്ക്ക് 11 വരെയാണ് പുതിയ സമയക്രമം. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് 5 വരെയുള്ള സമയത്ത് പുറംജോലികള്‍ കുവൈത്ത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.