ചിരി അല്‍പം ഉറക്കെയായി, പിന്നെ വായടക്കാന്‍ കഴിഞ്ഞില്ല; ചൈനയില്‍ ഈ സ്ത്രീക്ക് സംഭവിച്ചത്

ചൈനയിലെ ഗുവാന്ഡോംഗ് പ്രവിശ്യയിലെ ഒരു സ്ത്രീക്ക് ചിരി സമ്മാനിച്ചത് ജീവിതകാലം മുഴുവന് മറക്കാന് കഴിയാത്ത വേദനയുടെ ഓര്മയാണ്.
 | 
ചിരി അല്‍പം ഉറക്കെയായി, പിന്നെ വായടക്കാന്‍ കഴിഞ്ഞില്ല; ചൈനയില്‍ ഈ സ്ത്രീക്ക് സംഭവിച്ചത്

ബെയ്ജിംഗ്: ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണല്ലോ പറയാറുള്ളത്. എന്നാല്‍ ചൈനയിലെ ഗുവാന്‍ഡോംഗ് പ്രവിശ്യയിലെ ഒരു സ്ത്രീക്ക് ചിരി സമ്മാനിച്ചത് ജീവിതകാലം മുഴുവന്‍ മറക്കാന്‍ കഴിയാത്ത വേദനയുടെ ഓര്‍മയാണ്. ഒരു ട്രെയിന്‍ യാത്രക്കിടെ ഉറക്കെ ചിരിച്ച ഇവരുടെ താടിയെല്ലിന്റെ സ്ഥാനം തെറ്റുകയായിരുന്നു. ഇതോടെ വായടക്കാന്‍ കഴിയാതെ വേദന കൊണ്ട് ഇവര്‍ പുളഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഗുവാന്‍ഷു സൗത്തിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവരുടെ താടിയെല്ല് സ്ഥാനം തെറ്റിയത്. ഇതോടെ ട്രെയിനില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടോ എന്ന് അനൗണ്‍സ് ചെയ്തു. ലിവാന്‍ ആശുപത്രിയിലെ ഡോ.ലുവോ വെന്‍ഷെങ് ട്രെയിനിലുണ്ടായിരുന്നു. ഡോക്ടര്‍ ഈ സംഭവം സ്ഥിരീകരിച്ചുവെന്ന് ചൈനീസ് മാധ്യമമായ ഗുവാന്‍ച ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

താനെത്തുമ്പോള്‍ വാ തുറന്നും ഉമിനീര്‍ ഒലിക്കുന്ന നിലയിലുമായിരുന്നു ഈ സ്ത്രീയെന്ന് ഡോക്ടര്‍ പറയുന്നു. സ്‌ട്രോക്ക് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. അവരുടെ ബിപി പരിശോധിക്കുകയും അവരുടെ ശ്രദ്ധ തിരിച്ചുകൊണ്ട് താടിയെല്ല് തട്ടി പഴയ അവസ്ഥയിലാക്കുകയും ചെയ്തു. രണ്ട് തവണ ശ്രമിച്ചതിന് ശേഷമാണ് തനിക്ക് അത് സാധിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. ഗര്‍ഭിണിയായിരുന്ന സമയത്ത് ഛര്‍ദ്ദിച്ചപ്പോള്‍ ഒരിക്കല്‍ താടിയെല്ല് സ്ഥാനം തെറ്റിയിട്ടുണ്ടെന്ന് പിന്നീട് സ്ത്രീ വ്യക്തമാക്കി. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. .