റിപ്പോര്‍ട്ടറെ താലിബാന്‍ കൊലപ്പെടുത്തിയെന്ന് ടോളോ ന്യൂസ്; മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടറുടെ ട്വീറ്റ്

മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് നാടകീയമായി മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ് എത്തിയത്. 
 | 
Tolo
തങ്ങളുടെ മാധ്യമ പ്രവര്‍ത്തകനെ താലിബാന്‍ കൊലപ്പെടുത്തിയെന്ന് അഫ്ഗാന്‍ ചാനലായ ടോളോ ന്യൂസ് നല്‍കിയ വാര്‍ത്തയ്ക്ക് നാടകീയ തിരുത്ത്.

കാബൂള്‍: തങ്ങളുടെ മാധ്യമ പ്രവര്‍ത്തകനെ താലിബാന്‍ കൊലപ്പെടുത്തിയെന്ന് അഫ്ഗാന്‍ ചാനലായ ടോളോ ന്യൂസ് നല്‍കിയ വാര്‍ത്തയ്ക്ക് നാടകീയ തിരുത്ത്. താന്‍ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടറായ സിയാര്‍ യാദ് ഖാന്‍ ട്വീറ്റ് ചെയ്തതോടെയാണ് ടോളോ ന്യൂസ് വാര്‍ത്ത തിരുത്തിയത്. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് നാടകീയമായി മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ് എത്തിയത്. 

താലിബാന്‍ തീവ്രവാദികള്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് സിയാര്‍ യാദ് ഖാന്‍ ട്വീറ്റില്‍ വ്യക്തമാക്കിയത്. കാബൂളിലെ ന്യൂസിറ്റിയില്‍ വെച്ച് തന്നെ താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞുവെന്നും ക്യാമറയും മൊബൈലും ഉള്‍പ്പെടെ പിടിച്ചെടുക്കുകയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി ഖാന്‍ പറഞ്ഞു. 


മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രഖ്യാപിച്ച താലിബാന്‍ നേരത്തേ തങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കിയ ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനെ തെരയുന്നതായും അദ്ദേഹത്തിന്റെ ബന്ധുവിനെ കൊലപ്പെടുത്തിയതായും വാര്‍ത്ത വന്നിരുന്നു. നേരത്തേ ഇന്ത്യക്കാരനും പുലിറ്റ്‌സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.