ആരോഗ്യമേഖല മാത്രമല്ല, സദ്ഭരണവും യോഗി കേരളത്തെ കണ്ടു പഠിക്കണം; വീണ്ടും ശശി തരൂര്‍
നീതി ആയോഗ് ആരോഗ്യ ഇന്‍ഡെക്‌സിന്റെ പശ്ചാത്തലത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രോളിയും കേരളത്തെ പുകഴ്ത്തിയും ശശി തരൂര്‍. ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് കേരള ഭരണത്തെ തരൂര്‍ പ്രശംസിച്ചത്. ആരോഗ്യമേഖല കൈകാര്യം ചെയ്യുന്ന രീതി മാത്രമല്ല, നല്ല ഭരണവും ആദിത്യനാഥ് കേരളത്തെ കണ്ട് പഠിക്കണമെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.
2017ല്‍ കേരളത്തിലെത്തിയ ആദിത്യനാഥ് ആരോഗ്യസുരക്ഷ കേരളം യുപിയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ബിസിനസ് സ്റ്റാന്റേര്‍ഡ് വാര്‍ത്തയുടെ തലക്കെട്ടിന്റെ ചിത്രം ഉള്‍പ്പെടെയാണ് തരൂരിന്റെ പോസ്റ്റ്. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പല നയങ്ങളെയും സമീപകാലത്ത് അനുകൂലിക്കുന്ന തരൂരിന്റെ ഏറ്റവും പുതിയ പോസ്റ്റ് കോണ്‍ഗ്രസിന് തലവേദനയായേക്കും.
കെ-റെയില്‍ വിഷയത്തില്‍ അടക്കം സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് തരൂര്‍ സ്വീകരിച്ചത്. ഇതിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അടക്കം രംഗത്തെത്തിയിരുന്നു. കെ-റെയില്‍ വിഷയത്തില്‍ കെപിസിസി വിശദീകരണം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ശശി തരൂര്‍ വീണ്ടും എല്‍ഡിഎഫ് സര്‍ക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.