‘നിങ്ങൾ ദൈവത്തെ പോലും വെറുതെവിട്ടില്ല’; ശബരിമല കേസിൽ ശങ്കരദാസിന് തിരിച്ചടി

 | 
kp shankardas


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അംഗം കെപി ശങ്കരദാസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നിങ്ങൾ ദൈവത്തെ പോലും വെറുതെവിട്ടില്ലെന്ന അതിരൂക്ഷ പ്രതികരണമാണ് കോടതിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്.  ദേവസ്വം ബോർഡിന്റെ അന്നത്തെ മിനിറ്റ്സിൽ ശങ്കരദാസ് ഒപ്പിട്ടിരുന്ന കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ബോർഡ് തീരുമാനങ്ങളിൽ പങ്കാളിയായ ഒരാൾക്ക് ഇപ്പോൾ കോടതിയുടെ ഇടപെടൽ ആവശ്യപ്പെടാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

തന്റെ പ്രായാധിക്യവും ശാരീരിക അവസ്ഥകളും കണക്കിലെടുത്ത് നടപടികളിൽ ഇളവ് വേണമെന്നായിരുന്നു ശങ്കരദാസ് പ്രധാനമായും ആവശ്യപ്പെട്ടത്. കൂടാതെ, ബോർഡ് അംഗങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരാമർശങ്ങൾ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ഈ ആവശ്യങ്ങളിൽ ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ ശങ്കരദാസിന് വീണ്ടും കേരള ഹൈക്കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

നിലവിൽ സ്വർണക്കൊള്ളക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ആറാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ശങ്കരദാസിനെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാകാനാണ് സാധ്യത. ശങ്കരദാസിന്റെ ആരോഗ്യകാരണങ്ങൾ പറഞ്ഞ് നേരത്തെ അറസ്റ്റ് വൈകിപ്പിച്ചിരുന്നു എന്ന ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണങ്ങൾ അന്വേഷണ സംഘത്തിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കും.