ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടി

 | 
htr


കൊച്ചി: ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം. കോട്ടയം സ്വദേശിയായ രാഹുൽ (23) എന്ന യുവാവിനാണ് കഴിഞ്ഞ ദിവസം ഷവർമ്മ കഴച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന്റെ നില അതീവ ഗുരുതരമായി ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കാക്കനാടിന് സമീപത്തുള്ള ഹയാത്ത് ഹോട്ടലിൽ നിന്ന് യുവാവ് ഷവർമ്മ കഴിച്ചത്. ഹോട്ടലിൽ നിന്ന് ഓൺലൈനായാണ് ഷവർമ്മ വാങ്ങിയത്. ഷവർമ്മ കഴിച്ചതിന് ശേഷം യുവാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. തുടർന്ന് ഇന്നലെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവ് ഇപ്പോൾ വെന്റിലേറ്ററിലാണെന്നും ഡോക്ടർമാർ അറിയിച്ചു.

കാക്കനാട് സെസ്സിലെ ജീവനക്കാരനാണ് രാഹുൽ. വീട്ടുകാരുടെ പരാതിയെ തുടർന്ന് തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ നഗരസഭ ഹെൽത്ത് വിഭാഗം എത്തി ഹോട്ടൽ പൂട്ടിച്ചു. ഹോട്ടൽ പൂട്ടി സീൽ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചു.