വിജയത്തിനായി യുവ പ്രൊഫഷണലുകള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിക്കണം: ശശി തരൂര്‍
തിരുവനന്തപുരം: വിജയം നേടുന്നതിനായി യുവ പ്രൊഫഷണലുകള്‍ ആര്‍ജ്ജിക്കേണ്ട പ്രധാന ഗുണമാണ് പ്രതിരോധ ശേഷിയെന്ന് ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. യുവാക്കള്‍ പ്രതിസന്ധികളെ ചെറുക്കാനും അതില്‍നിന്ന് തിരിച്ചുവരാനുമുള്ള മനക്കരുത്ത് ആര്‍ജ്ജിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. യു.എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ വെര്‍ട്ടിക്കല്‍ പ്ലാറ്റ്ഫോമായ വേ ഡോട്ട് കോമിന്‍റെ പുതിയ ഓഫീസ് തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫേസ് ത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീഴ്ചകള്‍ എല്ലാവര്‍ക്കും സംഭവിക്കുന്നതാണെന്നും അതില്‍നിന്ന് കരകയറുന്നതും വെല്ലുവിളികളെ ചെറുക്കുന്നതുമാണ് പ്രധാനമെന്നും പറഞ്ഞ തരൂര്‍ കോവിഡ് സമയത്ത് നേരിട്ട തിരിച്ചടിയില്‍ നിന്ന് വേ ഡോട്ട് കോം തിരിച്ചെത്തി നേട്ടങ്ങള്‍ കൈവരിച്ചത് ചൂണ്ടിക്കാട്ടി. വേ ഡോട്ട് കോം പോലുള്ള കമ്പനികള്‍ക്ക് കേരളത്തില്‍ വിപുലീകരിക്കാന്‍ വലിയ സാധ്യതയാണുള്ളത്. തലസ്ഥാന നഗരം വന്‍കിട കമ്പനികള്‍ക്കും സുഖകരമായ ജീവിതത്തിനും അനുയോജ്യമായ സ്ഥലമായി മാറുകയാണെന്നും തരൂര്‍ പറഞ്ഞു.
ലോകത്തെ 48-ാമത്തെ മാര്‍ക്കറ്റ് പ്ലേസ് ആയി വേ ഡോട്ട് കോമിനെ ബ്ലൂംബെര്‍ഗ് റാങ്ക് ചെയ്തിട്ടുണ്ടെന്ന് വേ ഡോട്ട് കോം സിഇഒ ബിനു ഗിരിജ പറഞ്ഞു. 2019 ല്‍ അഞ്ചു പേരുമായി ടെക്നോപാര്‍ക്കില്‍ 200 സ്ക്വയര്‍ ഫീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിക്ക് ഇന്ന് അമേരിക്കയിലെ സിലിക്കണ്‍ വാലിയിലും ടെക്നോപാര്‍ക്കിലുമായി 750 ജീവനക്കാരുണ്ട്. ടെക്നോപാര്‍ക്കില്‍ 28,000 സ്ക്വയര്‍ ഫീറ്റ് ഓഫീസാണുള്ളത്. പുതിയ ഓഫീസിന് 500 ജീവനക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേ ഡോട്ട് കോം കണ്‍ട്രി ഹെഡ് കെ.എസ് ബാലഗോപാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.
യു.എസ്സിലെ സിലിക്കണ്‍ വാലിയില്‍ ഇന്‍കുബേറ്റ് ചെയ്ത വേ ഡോട്ട് കോം 2016 ലാണ് ആരംഭിച്ചത്. ആദ്യത്തെ സൂപ്പര്‍ ഓട്ടോ ആപ്പ് എന്ന നിലയില്‍ ശ്രദ്ധേയമായ സ്ഥാപനം പിന്നീട് യുഎസ്സിലെ കാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുള്ള ഇന്‍ഷ്വര്‍ടെക്, ഫിന്‍ടെക് പ്ലാറ്റ്ഫോം എന്ന നിലയില്‍ വളര്‍ന്നു. മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ്- റി ഫിനാന്‍സ്, പാര്‍ക്കിംഗ് റിസര്‍വേഷന്‍, കാര്‍ വാഷ് ബുക്കിംഗ്, ഓട്ടോ ഫിനാന്‍സ്, യൂബര്‍ റൈഡ്, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ സേവനങ്ങള്‍ വേ ഡോട്ട് കോം നല്‍കുന്നു. ഏകീകൃത പ്ലാറ്റ്ഫോമിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ എത്തിക്കുന്നത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഈ ഓട്ടോ ഫിന്‍ടെക് പ്ലാറ്റ്ഫോമിന്‍റെ സേവനം ലഭ്യമാണ്.