യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമിച്ചത് 'എ' ഗ്രൂപ്പിന് വേണ്ടിയെന്ന് എഫ്‌ഐആർ; പിടിയിലായ പ്രതികൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തർ
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് എ ഗ്രൂപ്പിന് വേണ്ടിയെന്ന് എഫ് ഐ ആർ. വ്യാജ കാർഡുകൾ നിർമ്മിച്ചത് എ ഗ്രൂപ്പ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാണെന്നും നിർമ്മിച്ചത് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ നിന്നാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ ഫെനി നൈനാൻ, ബിനിൽ ബിനു എന്നിവർ പിടിയിലായത്. അറസ്റ്റിലായ നാല് പ്രതികളും രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ്. കേസിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.
KL -26-L -3030വെള്ള കിയ സെൽറ്റോസ് കാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് വെച്ചാണ് ബിന്നിൽ ബിനു, ഫെനി നൈനാൻ എന്നിവർ പിടിയിലായത്. വഴുതക്കാട് പെട്രോൾ പമ്പിന് സമീപത്തു വെച്ച് പോലീസ് കാറിനു കൈ കാണിച്ചെങ്കിലും നിർത്താതെ അതി വേഗതയിൽ പോയി. തുടർന്ന് എസ്‌ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേട്ടുക്കട ഭാഗത്ത് വെച്ച് കാർ തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെല്ലാം തന്നെ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകരാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. പിടിച്ചെടുത്ത കാർഡുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ചു. അഭിനന്ദ് വിക്രത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെടുക്കുകയും അതിലേക്ക് വികാസ് കൃഷ്ണൻ എന്നയാൾ 6 ഉം, ബിനിൽ ബിനു എന്നയാൾ 4 ഉം ഫെനി നൈനാൻ 4 ഉം വ്യാജ ഐ ഡി കാർഡുകൾ അയച്ച് നല്കിയിട്ടുള്ളതായി കണ്ടെത്തി.
ഐഡി കാർഡുകളിൽ അക്ഷരത്തെറ്റുകളും ഫോണ്ടുകളിൽ വ്യത്യാസവും ഇലക്ഷൻ കാർഡുകളുടെ പിൻവശത്ത് പ്രിന്റ് ചെയ്തിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷൻ കോഡിൽ അവസാന മൂന്നക്ക നമ്പറുകൾ വരേണ്ടിടത്ത് ഒരേ നമ്പറുകൾ പ്രിന്റ് ചെയ്തതായും വ്യത്യസ്ത ഫോട്ടോകൾ ഉപയോഗിച്ചതായും കണ്ടെത്തി. യൂത്ത് കോൺഗ്രസ് എ ഗ്രൂപ്പ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടെ പ്രതികൾ നടത്തിയ കുറ്റകരമായ ഗൂഢാലോചനയുടെ ഭാഗമായാണ് വ്യാജ ഐ ഡി കാർഡുകൾ നിർമിച്ചത് എന്ന് എഫ് ഐ ആറിൽ പറയുന്നു.