നിയന്ത്രണം നഷ്ടപ്പെട്ടു, ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി ബസ്; 6 പേർക്ക് ദാരുണാന്ത്യം

ബസിലുണ്ടായിരുന്നവർ ഉൾപ്പെടെ നിരവധിപ്പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 
 | 
Manjeswaram Bus accident

മഞ്ചേശ്വരം തലപ്പാടിയിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി 6 മരണം. സംസ്ഥാന അതിർത്തിയിലെ ടോൾ ബൂത്തിന് സമീപത്താണ് കർണാടക ആർടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവരിലേക്കും ഇടിച്ചു കയറിയത്. ഓട്ടോയിലുണ്ടായിരുന്ന ആറു പേരാണ് മരിച്ചത്. 

കർണാടക  സ്വദേശികളായ ഓട്ടോ ഡ്രൈവർ ഹൈദർ അലി, ഓട്ടോയിലുണ്ടായിരുന്ന നഫീസ, ആയിഷ, ഖദീജ, ഹവ്വമ്മക്കുട്ടി, പതിനൊന്നുകാരി ഹസ്ന എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സാരമായി പരുക്കേറ്റ രണ്ട് പേർ മംഗളൂരു ഫാദർ മുള്ളർ ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യം ഓട്ടോയിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന് നിർത്തിയിട്ട മറ്റൊരു ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിലുണ്ടായിരുന്നവർ ഉൾപ്പെടെ നിരവധിപ്പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 

കാസർകോടു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്നു ബസ്. സർവീസ് റോഡിലൂടെ പോകേണ്ട ബസ് ദേശീയ പാതയിൽ കയറി അമിത വേഗതയിൽ വരികയായിരുന്നുെവന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിന്റെ ടയറുകൾ തേഞ്ഞു തീർന്നതും അപകടത്തിന് കാരണമായെന്ന് നാട്ടുകാർ പറഞ്ഞു.