ഒമാനിൽ വാഹന ഓറഞ്ച് കാർഡ് ഫീസ് ഒരു റിയാലാക്കി കുറച്ചു
അതിർത്തി കടക്കാൻ വാഹനങ്ങൾക്ക് ആവശ്യമായ ഓറഞ്ച് കാർഡ് മോട്ടോർ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഫീസ് രണ്ടു റിയാലിൽ നിന്ന് ഒരു ഒമാനി റിയാലാക്കി കുറക്കാൻ ഇൻഷുറൻസ് കമ്പനികളോട് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി നിർദേശിച്ചു. ജനുവരി ഒന്നു മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നു.
പൊതുതാൽപര്യം മുൻനിർത്തിയും, പോളിസി ഉടമകൾക്ക് ന്യായമായ നിരക്കുകൾ ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായുമാണ് ഈ തീരുമാനമെന്നും, ഒമാനിൽ ലഭ്യമാകുന്ന ഇൻഷുറൻസ് സേവനങ്ങളുടെ നിലവാരത്തെ ഇതു ബാധിക്കില്ലെന്നും അതോറിറ്റി അറിയിച്ചു. പുതിയ നിർദേശത്തിന് ആവശ്യമായ സാങ്കേതികവും ഭരണപരവുമായ ക്രമീകരണങ്ങൾ സ്വീകരിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അറബ് രാജ്യങ്ങൾക്കിടയിൽ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ, അന്തർദേശീയ യാത്ര നടത്തുന്ന വാഹനങ്ങൾക്ക് നിർബന്ധമായ ഇൻഷുറൻസ് രേഖയാണ് ഓറഞ്ച് കാർഡ്. തേർഡ് പാർട്ടി ബാധ്യത ഇൻഷുറൻസ് പരിരക്ഷക്കായും വിദേശയാത്രക്കിടെയുണ്ടാകുന്ന വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടികൾ ലളിതമാക്കുന്നതിനുമാണ് ഓറഞ്ച് കാർഡ്. ജനറൽ അറബ് ഇൻഷുറൻസ് ഫെഡറേഷൻ (ജി.എ.ഐ.എഫ്) കരാറിൽ പങ്കാളിയായ രാജ്യങ്ങളിലേക്ക് ഒമാനിൽ നിന്ന് കരമാർഗം യാത്ര ചെയ്യുമ്പോൾ ഓറഞ്ച് കാർഡ് നിർബന്ധമാണെന്നും എഫ്.എസ്.എ അറിയിച്ചു.

