8.6 കോടി യാത്രക്കാരുമായി ദുബൈ വിമാനത്താവളം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ 16 മാസത്തിനിടെ 8.6കോടിയിലധികം യാത്രക്കാർ ഒരു പരാതിക്ക് പോലും ഇടം നൽകാതെ കടന്നുപോയതായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡൻറിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അറിയിച്ചു.
കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെ ആദ്യ നാല് മാസവും ഉൾപ്പെടെയുള്ള കണക്കാണിത്. ദുബൈയിൽ നടന്ന എയർപോർട്ട് ഷോയുടെ, എയർപോർട്ട് ലീഡേഴ്സ് ഗ്ലോബൽ ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതേ കാലയളവിൽ 3.38കോടി യാത്രക്കാർ (മൊത്തം യാത്രക്കാരുടെ 39.2ളതമാനം) സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ദുബൈ വിമാനത്താവളങ്ങളുടെ ഈ വിജയം വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. എമിറേറ്റിലെത്തുന്ന സന്ദർശകരെ സ്വന്തം വീട്ടിലെ അതിഥികളെപ്പോലെയാണ് ഇവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ ലോകത്തിന്റെ ലക്ഷ്യസ്ഥാനമായിരിക്കണമെന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പ്രഖ്യാപനം കഠിനാധ്വാനത്തിനും ആത്മാർത്ഥതക്കും പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ യാത്ര രേഖകളില്ലാത്ത രീതിയിലേക്ക് മാറുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മുൻപ് പാസ്പോർട്ട് ഓഫീസർമാർ നേരിട്ടാണ് പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചാണ് ഈ പ്രക്രിയ നിയന്ത്രിക്കുന്നത്. എല്ലാ പാസ്പോർട്ടുകളും പ്രോഗ്രാം ചെയ്യുകയും സ്വയം പരിശോധിക്കുകയും ചെയ്യുന്നു. പാസ്പോർട്ട് വിഭാഗം, പൊലീസ്, കസ്റ്റംസ് തുടങ്ങിയ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരാമർശിക്കാൻ കഴിയില്ല. എല്ലാവരും ഒരേ കുടക്കീഴിൽ ഒരു ടീമായി പ്രവർത്തിക്കുന്നു. ഈ വിജയം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി അവകാശപ്പെടാൻ കഴിയില്ല, എല്ലാവരും ഇതിൽ പങ്കാളികളാണ്. ദുബൈ വിമാനത്താവളങ്ങളെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2024 ൽ 6.33കോടി യാത്രക്കാരെ വിമാനത്താവളത്തിലെ പാസ്പോർട് വിഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ 2.5കോടി യാത്രക്കാർ സ്മാർട്ട് ഗേറ്റുകളിലൂടെ എളുപ്പത്തിൽ കടന്നുപോയി.
ഈ വർഷം ഏപ്രിൽ അവസാനം വരെ 2.27 കോടി യാത്രക്കാരെ കൈകാര്യം ചെയ്തു. അതിൽ 88ലക്ഷം പേർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചു. ദുബൈ വിമാനത്താവളങ്ങളെ വ്യത്യസ്തമാക്കുന്നത് മികച്ച സുരക്ഷയും എളുപ്പവും ലളിതവുമായ സേവനങ്ങളുമാണ്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അഭിപ്രായങ്ങൾ സ്വീകരിക്കാൻ തയ്യാറാണ്. അതുകൊണ്ടാണ് ദുബൈ വിമാനത്താവളങ്ങൾ മുൻപന്തിയിൽ നിൽക്കുന്നത്. യാത്ര ചെയ്യുമ്പോൾ കുട്ടികളുമായി വരുന്ന അമ്മമാർക്കും പ്രായമായവർക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ദുബൈ പാസ്പോർട്ട് വിഭാഗം മുൻഗണന നൽകുന്നു. കുട്ടികൾക്കായി ലോകത്തിലെ ആദ്യത്തെ പാസ്പോർട്ട് കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട് -അദ്ദേഹം വെളിപ്പെടുത്തി.