സൗദി ഹജ്ജ്, ഉംറ മന്ത്രാലയവുമായി ഒമാൻ കരാർ ഒപ്പിട്ടു

ഒമാൻ എൻഡോവ്മെന്റ്‌സ് ആൻഡ് മതകാര്യ മന്ത്രാലയം (MERA) സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയവുമായി 1446 ഹിജ്‌റ വർഷത്തെ സീസണിലേക്കുള്ള ഹജ്ജ് ക്രമീകരണങ്ങൾ സംബന്ധിച്ച് കരാറിൽ ഒപ്പുവച്ചു. സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം സംഘടിപ്പിച്ച ഹജ്ജ് കോൺഫറൻസിന്റെയും എക്‌സിബിഷന്റെയും ഇടയിലാണ് കരാർ ഒപ്പുവച്ചത്. ഒമാനിൽ നിന്നുള്ള തീർത്ഥാടകരെ സേവിക്കുന്നതിൽ ഇരു കക്ഷികളും തമ്മിലുള്ള ഫലപ്രദമായ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് കരാർ.
MERA യെ പ്രതിനിധീകരിച്ച് എൻഡോവ്മെന്റ്‌സ് ആൻഡ് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മഅ്മരിയും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽറബിഹയും കരാറിൽ ഒപ്പുവച്ചു.
ഒമാനിൽനിന്ന് 14,000 തീർത്ഥാടകർക്കാണ് അവസരമെന്നതടക്കമുള്ള കാര്യങ്ങളാണ് കരാറിലുള്ളത്. ഹിജ്‌റ 1446 ശഅബാൻ 14 ന് മുമ്പ് ഒമാനിൽ നിന്നുള്ള തീർഥാടകരുടെ വിവരം നുസുക് പ്ലാറ്റ്ഫോമിൽ നൽകുക, എല്ലാ തീർഥാടകരും വരുന്നത് ഹജ്ജ് കാര്യ ഓഫീസ് വഴി ആകുക, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ഇന്റർനാഷണൽ എയർപോർട്ട് എന്നിവ വഴിയായിരിക്കും വിമാനമാർഗമുള്ള വരവും പോക്കും എന്ന് നിർണയിക്കുക തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരമാർഗമുള്ള വരവും പോക്കും റബ്ഉൽ ഖാലി, ബത്ത പോർട്ടുകൾ വഴിയായിരിക്കുമെന്നും വ്യക്തമാക്കി.