ട്രമ്പും മസ്കും അടിച്ച് പിരിഞ്ഞു; പരസ്പരം അധിക്ഷേപവും ഭീഷണിയും

ട്രംപിന്റെ രണ്ടാം വരവിനായി മസ്ക് ചെലവഴിച്ചത് 20 കോടി ഡോളറാണെന്നാണ് റിപ്പോർട്ട്. അതിനുള്ള നന്ദിയും ട്രംപ് കാണിച്ചു: ഭരണനിർവഹണത്തിൽ തന്റെ അജണ്ടകൾ കൃത്യമായി നിർവഹിക്കാനായി രൂപം നൽകിയ ‘ഡോഗെ’യുടെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് മസ്കിനെ അവരോധിച്ചു. ഒരർഥത്തിൽ, വൈറ്റ്ഹൗസിന്റെ ഭരണ നയങ്ങൾ തീരുമാനിക്കുന്ന സമിതിയാണിത്.
അത്തരമൊരു സംഘത്തിന്റെ നേതൃത്വത്തിലേക്ക് മസ്കിനെ തിരഞ്ഞെടുത്തത് സ്വന്തം പാർട്ടിയിൽപോലും വിമർശിക്കപ്പെട്ടിട്ടും ‘കൂട്ടുകാരനെ’ കൈവിടാൻ ട്രംപ് തയാറായിരുന്നില്ല. ഇപ്പോഴിതാ, ഉറ്റ സുഹൃത്തുക്കൾ തമ്മിലുള്ള വാക്യുദ്ധത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. ട്രംപിന്റെ ചില നടപടികളിൽ ആഴ്ചകളായി മസ്ക് അതൃപ്തനായിരുന്നു. അതിന്റെ പാരമ്യത്തിൽ അദ്ദേഹം ‘ഡോഗെ’യിൽനിന്ന് പിൻവാങ്ങുകയും ചെയ്തു.
ട്രംപിന്റെ പുതിയ നികുതി ബില്ലാണ് മസ്കിനെ ചൊടിപ്പിച്ചിരിക്കുന്നത്. 2017ലെ ടാക്സ് കട്ട് ആൻഡ് ജോബ്സ് ആക്ടിന്റെ ഭേദഗതിയാണ് ട്രംപ് അവതരിപ്പിച്ചത്. ഈ ബില്ല് രാജ്യത്തിന്റെ പൊതുകടം വർധിപ്പിക്കുമെന്നാണ് മസ്കിന്റെ വാദം. ബില്ല് പാസാക്കിയ യു.എസ് നടപടിയെ ‘മ്ലേച്ഛം’ എന്നാണ് മസ്ക് വിശേഷിപ്പിച്ചത്.
മസ്കുമായി ഒരു അനുരഞ്ജനത്തിന് ട്രംപ് ശ്രമിക്കുമെന്നായിരുന്നു കഴിഞ്ഞദിവസം വൈറ്റ്ഹൗസിൽനിന്നുള്ള സൂചന. എന്നാൽ, അങ്ങനെയൊന്നുമുണ്ടാകില്ലെന്ന് ട്രംപ് തന്നെ വിശദീകരിച്ചതോടെ ‘പോരാട്ടം’ കനക്കുമെന്നുറപ്പായി. എ.ബി.സി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ‘മസ്കിന്റെ മനസ്സിന്റെ താളം തെറ്റി’യെന്നുവരെ ട്രംപ് പറഞ്ഞു.
ട്രംപിന്റെ ആക്ഷേപം കേട്ട് മസ്കും അടങ്ങിയിരിക്കുന്നില്ല. വ്യവസായി എന്ന നിലയിൽ യു.എസ് സർക്കാറുമായി ഉണ്ടാക്കിയ കരാറുകളിൽനിന്നെല്ലാം പിൻവാങ്ങുമെന്നാണ് മസ്കിന്റെ ഭീഷണി. കഴിഞ്ഞ 36 മണിക്കൂറിനിടെ, മസ്ക് 40ലധികം തവണ ‘എക്സി’ൽ കുറിപ്പുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. താനില്ലായിരുന്നുവെങ്കിൽ, ട്രംപ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടേനെ എന്നാണ് അതിലൊന്ന്. ട്രംപിനെ ‘നന്ദിയില്ലാത്തവൻ’ എന്നും അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്. ഒരു പോസ്റ്റിൽ, ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.