യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളിലെ പൗരന്മാർക്ക് സമ്പൂർണ വിലക്ക്, 7 രാജ്യങ്ങൾക്ക് നിയന്ത്രണം

ഇറാനില്‍ ഭീകരവാദ പിന്തുണയും അഫ്ഗാനിസ്ഥാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും വിലക്കിന്‌ കാരണമായിട്ടുണ്ട്. 
 | 
American flag

വാഷിങ്ടൻ∙ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ സമ്പൂര്‍ണ്ണ യാത്രാവിലക്കും മറ്റ്‌ ഏഴ്‌ രാജ്യങ്ങള്‍ക്ക്‌ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ദേശീയ സുരക്ഷ, അപര്യാപ്തമായ യാത്രാരേഖാ പരിശോധന, വീസ കാലാവധി ലംഘനം എന്നിവയാണ്‌ പ്രധാന കാരണങ്ങള്‍.

അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്‌, കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ 12 രാജ്യങ്ങളിലെ പൗരന്മാർക്കാണ് പൂർണമായും പ്രവേശനം വിലക്കിയിരിക്കുന്നത്. 

ബുറുണ്ടി, ക്യൂബ, ലാവോസ്‌, സിയറ ലിയോണ്‍, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ഭാഗിക നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാനില്‍ ഭീകരവാദ പിന്തുണയും അഫ്ഗാനിസ്ഥാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും വിലക്കിന്‌ കാരണമായിട്ടുണ്ട്. 

നിയമപരമായി സ്ഥിരതാമസമാക്കിയവര്‍ക്കും (ഗ്രീന്‍ കാര്‍ഡ്‌ നിലവില്‍ വീസയുള്ളവർക്കും ഇളവുണ്ട്‌. ഇരട്ട പൗരത്വമുള്ളവര്‍ക്ക്‌ വിലക്കില്ലാത്ത രാജ്യത്തിന്‍റെ പാസ്പോര്‍ട്ട് ഉപയോഗിക്കമെങ്കിലും വിലക്കുള്ള രാജ്യങ്ങളിലെ കുടുംബാംഗങ്ങളെ ആശ്രയിക്കുന്ന യുഎസ്‌ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും തീരുമാനം തിരിച്ചടിയാകും.

മുന്‍ ഭരണകാലത്തെ യാത്രാവിലക്ക്‌ വിമാനത്താവളങ്ങളില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ അമേരിക്കയിലെ വിദ്യാർഥികളെയും തൊഴിലാളികളെയും ബാധിച്ചേക്കാം. മനുഷ്യാവകാശ സംഘടനകള്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്‌.