മീഡിയവണ്‍ രാജ്യദ്രോഹ ചാനലാണെന്ന് കെ.സുരേന്ദ്രന്‍ ​​​​​​​

 | 
Surendran

മീഡിയവണ്‍ രാജ്യദ്രോഹ ചാനലാണെന്നതില്‍ സംശയമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരള ഹൈക്കോടതി രണ്ടു ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ അ്ഭിഭാഷകര്‍ വിഷയത്തില്‍ മറുപടി നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

മീഡിയവണ്ണിന് കൊമ്പൊന്നും ഇല്ല. ലൈസന്‍സ് പുതുക്കല്‍, രേഖകള്‍ പുതുക്കല്‍ എന്നിവ നടപടി ക്രമങ്ങള്‍ മാത്രമാണ്. മാധ്യമങ്ങള്‍ക്ക് സ്വന്തമായ നിയമമില്ല. ഇത്തരം തീരുമാനങ്ങളില്‍ കേന്ദ്രത്തിന് രാഷ്ട്രീയ പരിഗണനയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ തീരുമാനത്തില്‍ ബിജെപിക്ക് രാഷ്ട്രീയമായി മറുപടി പറയേണ്ട ബാധ്യതയില്ല. മീഡിയ വണ്ണിന് എതിരെ രാഷ്ട്രീയ നടപടിയല്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ മറ്റൊരു ഒരു ചാനല്‍ മേധാവിക്കെതിരെ ഒരു പ്രത്യേക കേസിനെക്കുറിച്ച് വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ കേരള സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്, ആ പരാതിയെ കുറിച്ച് ആരും പറയുന്നത് കേട്ടില്ല. അതിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ കാണാത്തത് എന്താണെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. മീഡിയവണ്ണായാലും റിപ്പോര്‍ട്ടര്‍ ആയാലും രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. അങ്ങനെയെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയുള്ളുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.